| Friday, 23rd April 2021, 7:33 am

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള പാസഞ്ചര്‍ ഫ്‌ളൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ. അടുത്ത 30 ദിവസത്തേക്കാണ് വിലക്കെന്ന് കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര പറഞ്ഞു.

‘ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും കാനഡയില്‍ എത്തുന്ന യാത്രക്കാരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള സ്വകാര്യ, വാണിജ്യ വിമാനസര്‍വ്വീസുകള്‍ക്ക് തല്‍ക്കാലം വിലക്കേര്‍പ്പെടുത്തുകയാണ്. അടുത്ത 30 ദിവസത്തേക്കാണ് വിലക്ക്’, അല്‍ഗാബ്ര പറഞ്ഞു.

നേരത്തെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ യു.എ.ഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ 24 മുതല്‍ പത്തു ദിവസത്തേക്കാണ് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.

കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യു.എ.ഇയിലേക്ക് വരാന്‍ അനുവദിക്കില്ല.

എമിറേറ്റ്സ്, ഫ്ളൈ ദുബായ് വിമാന കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കുകയും ചെയ്തു. ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തി നേരത്തെ ബ്രിട്ടണും സിംഗപ്പൂരും രംഗത്തെത്തിയിരുന്നു.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏപ്രില്‍ 24 വൈകീട്ട് ആറുമണി മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Canada Bans Passenger Flights From India, Pakistan

We use cookies to give you the best possible experience. Learn more