| Sunday, 10th March 2024, 6:37 pm

ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ധനസഹായം പുനരാരംഭിച്ച് കാനഡയും സ്വീഡനും; തീരുമാനം തെറ്റാണെന്ന് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ധനസഹായം താത്കാലികമായി നിര്‍ത്തിവെച്ചത് പുനരാരംഭിച്ച് കാനഡയും സ്വീഡനും. ഗസയില്‍ ഇസ്രഈലി സൈന്യം ക്രൂരമായ സൈനിക നടപടികള്‍ തുടരുന്നതിനിടയില്‍, ഫലസ്തീനികള്‍ക്കുള്ള സഹായം നിര്‍ത്തിവെച്ച നീക്കത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇരുരാജ്യങ്ങളും ഫണ്ടിങ് പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘സര്‍ക്കാര്‍ യു.എന്‍.ആര്‍.ഡബ്ല്യു.എയ്ക്കുള്ള ഫണ്ടിങ് പുനരാരംഭിക്കുന്നു. ഫലസ്തീന്‍ പൗരന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തും,’ എന്ന് കനേഡിയന്‍ അന്താരാഷ്ട്ര വികസന മന്ത്രി അഹമ്മദ് ഹുസെന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

യു.എന്‍ ഏജന്‍സിക്കുള്ള സഹായം പുനരാരംഭിക്കുമെന്ന് സ്വീഡന്‍ ശനിയാഴ്ച അറിയിച്ചു. പ്രാരംഭ ഘട്ടത്തില്‍ 20 മില്യണ്‍ ഡോളര്‍ യു.എന്‍ ഏജന്‍സിക്ക് നല്‍കുമെന്നും സ്വീഡന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള സഹായം പുനരാരംഭിക്കാനുള്ള കാനഡയുടെയും സ്വീഡന്റെയും തീരുമാനത്തിനെതിരെ ഇസ്രഈല്‍ രംഗത്തെത്തി. ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിക്ക് പിന്തുണ കാനഡയും സ്വീഡനും നല്‍കിയത് തെറ്റാണെന്ന് ഇസ്രഈല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

യു.എന്‍.ആര്‍.ഡബ്ല്യു.എയിലേക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കുന്നത് ഗസയിലെ ഫലസ്തീനികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മാനുഷിക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യങ്ങള്‍ അവരുടെ നിലവിലത്തെ തീരുമാനങ്ങള്‍ മാറ്റണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം റമദാന്‍ മാസത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട് ഗസയില്‍ ഹെലികോപ്റ്ററില്‍ നിന്ന് ലഘുലേഖകള്‍ വിതരണം ചെയ്ത് ഇസ്രഈല്‍ നടപടിയെ അപലപിച്ച് ഫലസ്തീനികള്‍ രംഗത്തെത്തിയിരുന്നു. ഇസ്രഈല്‍ സൈന്യത്തിന്റെ നടപടി മാനസികമായി പീഢനമാണെന്ന് ഫലസ്തീനികള്‍ വിമര്‍ശിച്ചു.

ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചത് മുതല്‍ നിര്‍ജലീകരണവും പോഷകാഹാരം കുറവ് മൂലം 20 പേരെങ്കിലും ഗസയില്‍ മരണപ്പെട്ടിട്ടുണ്ട്. ഇസ്രഈല്‍ ലഘുലേഖയെ അപലപിച്ച മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഇസ്രഈല്‍ കാരണമാണ് ഗസയിലെ ജനങ്ങള്‍ പട്ടിണി മൂലം കഷ്ടപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടി.

Content Highlight: Canada and Sweden resume funding for Palestinian refugees

We use cookies to give you the best possible experience. Learn more