ഇന്ദിരാ ഗാന്ധി വധം ചിത്രീകരിക്കുന്ന പരേഡ് നടത്തി കാനഡ; അപലപിച്ച് ഇന്ത്യ
national news
ഇന്ദിരാ ഗാന്ധി വധം ചിത്രീകരിക്കുന്ന പരേഡ് നടത്തി കാനഡ; അപലപിച്ച് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th June 2023, 9:01 am

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധം ചിത്രീകരിക്കുന്ന പരേഡ് നടത്താന്‍ ഖലിസ്ഥാന്‍ വിഘടനവാദികളെ അനുവദിച്ചതിന് കാനഡക്കെതിരെ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. കാനഡയിലെ ബ്രാംട്ടന്‍ സിറ്റിയിലായിരുന്നു പരേഡ് നടന്നത്. കാനഡയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ഗുണം ചെയ്യില്ലെന്ന് ജയശങ്കറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

വോട്ടുബാങ്ക് രാഷ്ട്രീയത്തിനായല്ലാതെ മറ്റെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘തുറന്ന് പറഞ്ഞാല്‍, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി അല്ലാതെ മറ്റെന്തിനാണ് ഇങ്ങനെ ചെയ്യേണ്ട ആവശ്യമെന്ന് മനസിലാകുന്നില്ല. അക്രമം നടത്തുന്ന ആളുകള്‍ക്കും വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും ഇടം നല്‍കുന്നതില്‍ പ്രശ്‌നമുണ്ട്. ഇത് ഇന്ത്യയുമായുള്ള ബന്ധത്തിന് നല്ലതല്ല,’ ജയശങ്കറിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ദിരാ ഗാന്ധിയുടെ വധം ചിത്രീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

ഖലിസ്ഥാന്‍ അനുകൂലികള്‍ ജൂണ്‍ നാലിന് പരേഡ് സംഘടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 39-ാം വാര്‍ഷികത്തിന് മുന്നോടിയായിട്ടായിരുന്നു ഇത്.

സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഗ്ലോബര്‍ അഫയേഴ്‌സ് കാനഡക്ക് കത്തയച്ചിട്ടുണ്ട്.

ഇന്ദിരാ ഗാന്ധി വധം ചിത്രീകരിച്ചത് വിലകെട്ട പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഇക്കാര്യം ഗൗരവകരമായി കാണണമെന്നും അദ്ദേഹം ജയശങ്കറിനോട് ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

സംഭവത്തില്‍ സര്‍ക്കാരില്‍ നിന്നും കാര്യമായ പ്രതികരണങ്ങളൊന്നും വന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ പേര് പോലും പരാമര്‍ശിക്കാതെ ഒരു പൊതു പ്രസ്താവന നടത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി.

നികൃഷ്ടമായ ഈ പ്രവര്‍ത്തിയെ അപലപിക്കുന്നതില്‍ രാഷ്ട്രീയമില്ലെന്നാണ് ശശി തരൂര്‍ എം.പി പ്രതികരിച്ചത്.

ഇത് പക്ഷം പിടിക്കുന്നതിനെ കുറിച്ചല്ലെന്നും രാജ്യത്തിന്റെ ചരിത്രത്തെ ബഹുമാനിക്കുന്നതിനെ കുറിച്ചാണെന്നും കോണ്‍ഗ്രസ് നേതാവ് മിലിദ് ദേവ്‌റ പറഞ്ഞു.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി കനേഡിയന്‍ ഹൈക്കമ്മീഷണറും രംഗത്തെത്തി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും മഹത്വവത്കരിക്കുന്നവര്‍ക്കും കാനഡയില്‍ ഇടമില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Content Highlight: Canada allow parade depicting assasination of Indhira gandhi: India says its not good for canada