ജയലളിതയോട് ഖുശ്ബു ചോദിക്കുന്നു; കുറ്റബോധമില്ലാതെ നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുമോ ?
Daily News
ജയലളിതയോട് ഖുശ്ബു ചോദിക്കുന്നു; കുറ്റബോധമില്ലാതെ നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുമോ ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th May 2015, 10:51 pm

KHUSBHOO-01അഭിനേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഖുശ്ബു ജയലളിതയ്‌ക്കെതിരെ രംഗത്ത്. ജയലളിതയ്ക്ക് കുറ്റബോധമില്ലാതെ ഉറങ്ങാന്‍ കഴിയുമോ എന്നാണ് ഖുശ്ബുവിന്റെ ചോദ്യം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ജയലളിതയെ കുറ്റ വിമുക്തയാക്കിയുള്ള വിധിക്കെതിരെ ഖുശ്ബു രംഗത്ത് വന്നിരിക്കുന്നത്.

അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ കര്‍ണാടക ഹൈക്കോടതി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ കുറ്റ വിമുക്തയാക്കിയിരുന്നു. തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയലളിതയ്ക്ക് ഇനി തിരച്ചുവരാന്‍ സാധിക്കും. കഴിഞ്ഞ 18 വര്‍ഷക്കാലം ജയലളിത നിയമവ്യവസ്ഥയെ പരിഹസിക്കുകയായിരുന്നുവെന്നും ഖുശ്ബു കുറ്റപ്പെടുത്തുന്നു.

“കുറ്റവിമുക്തയാക്കപ്പെട്ടയാളോട് ഒരു വാക്ക്. നിങ്ങളുടെ തെറ്റ് ഇല്ലാതാക്കാന്‍ കഴിയില്ല. കഴിഞ്ഞ 18 വര്‍ഷക്കാലം നിങ്ങള്‍ നിതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയായിരുന്നു. ഇനി താങ്കള്‍ക്ക് സ്വതന്ത്രയായി നടക്കാം. എന്നാല്‍ നിങ്ങള്‍ക്ക് കുറ്റബോധമില്ലാതെ ഉറങ്ങാന്‍ സാധിക്കുമോ?” ഖുശ്ബു ട്വീറ്റില്‍ ചോദിക്കുന്നു.

ജയലളിത കുറ്റക്കാരിയെണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അവര്‍ക്ക് സെപ്റ്റംബറില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. ജയലളിതയുടെ വിശ്വസ്തനായിരുന്ന പനീര്‍ ശെല്‍വമായിരുന്നു മുഖ്യമന്ത്രിയായി അവര്‍ക്ക് പകരം സ്ഥാനമേറ്റിരുന്നത്. ജയലളിതയ്ക്ക് അനുകൂലമായുണ്ടായ വിധിയിലൂടെ പനീര്‍ ശെല്‍വമാണ് രക്ഷപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹത്തിന് ഇനി മുഖ്യമന്ത്രിയുടെ മുഖംമൂടി ഉപേക്ഷിക്കാന്‍ കഴിയുമെന്നുമാണ് ഖുശ്ഭുവിന്റെ മറ്റൊരു ട്വീറ്റ്.