ന്യൂദല്‍ഹി: യമുന നദിയിലെ വെള്ളം കുടിച്ചുകാണിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ വെല്ലുവിളിച്ച് ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും എ.എ.പി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. യമുന നദിയില്‍ ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ വിഷം കലക്കുന്ന എന്ന കെജ്‌രിവാളിന്റെ പ്രസ്താവനയില്‍ തെളിവ് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് വന്നിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് കെജ്‌രിവാളിന്റെ വെല്ലുവിളി.
യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് യമുന നദിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ദല്‍ഹിയിലെ വൈദ്യുതി വിലവര്‍ദ്ധനവിനെതിരെ നടത്തിയ ഒരു പ്രസംഗത്തിലാണ് യോഗി യമുന നദി വലിയ തോതില്‍ മലിനപ്പെട്ടെന്നും ഇതിന് ഉത്തരവാദികള്‍ ദല്‍ഹി സര്‍ക്കാറാണെന്നും കുറ്റപ്പെടുത്തിയത്. ഇതിന് മറുപടിയായിട്ടാണ് അരവിന്ദ് കെജ്‌രിവാള്‍ യമുനയില്‍ ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ വിഷം കലക്കുന്നു എന്ന പരാതി ഉന്നയിച്ചത്.
പ്രധാനമന്ത്രിയുള്‍പ്പടെ അരവിന്ദ് കെജ്‌രിവാളിന്റെ ഈ പ്രസ്താവനക്കെതിരെ രംഗത്തെത്തി. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തിലിടപെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയെങ്കിലും അത് സ്വീകരിക്കാനാകില്ലെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണത്തിന് തെളിവ് നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തെളിവ് സമര്‍പ്പിക്കുന്നതിനുള്ള സമയം ഇന്ന് (വെള്ളി) ഉച്ചക്ക് 12 മണിക്ക് അവസാനിക്കും. തെളിവ് നല്‍കിയില്ലെങ്കില്‍ കെജ് രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയുണ്ടാകുമെന്ന സൂചനയും വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഫെബ്രുവരി 5നാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 3ാം തിയതിയോടെ പരസ്യ പ്രചരണം അവസാനിക്കും. ദില്ലി മദ്യനയക്കേസായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിലെ ആദ്യ ചര്‍ച്ച വിഷയം. കെജ്‌രിവാള്‍ അഴിമതിക്കാരനാണ് വരുത്താനുള്ള ശ്രമമായിരുന്ന തുടക്കത്തില്‍ നടന്നത്.
എന്നാല്‍ കെജ്‌രിവാള്‍ എല്ലാ തെരഞ്ഞെടുപ്പുകളിലുമെന്ന പോലെ നിരവധി സൗജന്യങ്ങളുമായി തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയതോടെ കോണ്‍ഗ്രസും ബി.ജെ.പിയുമുള്‍പ്പടെ മറ്റു പാര്‍ട്ടികളും സമാന രീതിയിലുള്ള പ്രകടന പത്രികയുമായി രംഗത്തെത്തി. പിന്നാലെയാണ് യമുന നദിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടലെടുത്തത്. നിലയില്‍ ദല്‍ഹിയിലെ മാലിന്യ പ്രശ്‌നങ്ങളും ചര്‍ച്ചയിലുണ്ട്.
content highlights: Can you drink the water of the Yamuna; Kejriwal challenged the Election Commission