| Wednesday, 2nd December 2020, 5:46 pm

അമേരിക്കന്‍ ഉപരോധം; അടുത്ത ഹുവാവേ ആകുമോ ഷവോമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെക് ഭീമന്മാരായ ആപ്പിളിനും സാംസങ്ങിനും ഭീഷണിയായി തുടര്‍ന്ന ഹുവാവേ കമ്പനിയുടെ ജൈത്ര യാത്ര കഴിഞ്ഞവര്‍ഷമാണ് അമേരിക്കന്‍ നിയന്ത്രണങ്ങള്‍കൊണ്ട് അവതാളത്തിലായത്. ആപ്പിളിന്റെ രണ്ടാം സ്ഥാനം കൈക്കലാക്കി സാംസങ്ങിന്റെ ഒന്നാം സ്ഥാനത്തിനായുള്ള ഓട്ടത്തിനിടെയായിരുന്നു അമേരിക്കയുടെ ഉപരോധം ഹുവാവേയെ തളച്ചത്. ഉപരോധം കാരണം ഗൂഗിള്‍ സര്‍വീസുകളായ യൂട്യൂബും ഗൂഗിള്‍മാപ്പ്‌സും പോലും ആളുകള്‍ക്ക് നല്‍കാന്‍ ഹുവാവേയ്ക്ക് സാധിച്ചിരുന്നില്ല.

ഇപ്പോള്‍ നമുക്ക് സുപരിചിതമായ മറ്റൊരു ചൈനീസ് കമ്പനിയായ ഷവോമി 2020ലെ മൂന്നാംപാദ റിപ്പോര്‍ട്ട് പ്രകാരം ലോകമാര്‍ക്കറ്റിന്റെ 45 ശതമാനവും കൈക്കലാക്കി മുന്നേറുകയാണ്. 2020 ല്‍ ആപ്പിളിനെ തോല്‍പ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ കമ്പനിയായി മാറിയിരിക്കുകയാണ് ഷവോമി.

ഹുവാവേയുടെ പ്രധാനമാര്‍ക്കറ്റുകളായ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി ബിസിനസ് കൈക്കലാക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ ഷവോമി ആവിഷ്‌ക്കരിക്കുന്നത്. ആഗോള മാര്‍ക്കറ്റുകളോടൊപ്പം തന്നെ സ്വദേശമായ ചൈനയിലെ ജനപ്രിയത നിലനിര്‍ത്തിയാണ് കമ്പനിയുടെ തേരോട്ടം.

ഇതിനൊപ്പം ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും അധികം ഫോണ്‍ വില്‍പ്പന നടത്തിയും ഷവോമി എതിരാളികളില്ലാതെ മുന്നോട്ടുപോകുകയാണ്.

മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനികളോടൊപ്പം ചേര്‍ന്ന് ഗൂഗിള്‍ പോലുമില്ലാത്ത ഹുവാവേയ്ക്ക് നഷ്ടപ്പെട്ട സ്ഥലമാണ് ഇപ്പോള്‍ ഷവോമി കയ്യടക്കാനൊരുങ്ങുന്നത്.

ചൈനീസ് കമ്പനികള്‍ക്ക് അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഷവോമിയേയും ബാധിക്കുമോ എന്നാണ് ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ആശങ്കയോടെ ഉറ്റുനോക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Can Xiaomi be the new Huawei

We use cookies to give you the best possible experience. Learn more