ഭോപ്പാല്‍: മധ്യപ്രദേശിലെ ആറ് എം.എല്‍.എമാരുടെ രാജിക്കത്ത് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സ്പീക്കര്‍ എന്‍.പി പ്രജാപതിക്ക് കത്തയച്ച് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍. എം.എല്‍.എമാരുടെ രാജി സ്വീകരിക്കാനുള്ള സ്പീക്കറുടെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടാണ് ഗവര്‍ണറുടെ കത്ത്.
ആറ് മന്ത്രിമാരുടെ രാജി സ്വീകരിച്ചതിലൂടെ നിഷ്പക്ഷവും ധീരവുമായ തീരുമാനമാണ് സ്പീക്കര്‍ കൈക്കൊണ്ടതെന്ന് ഗവര്‍ണര്‍ കത്തില്‍ പറഞ്ഞു. ലാല്‍ജി ടണ്ടന്‍ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് എന്‍.പി പ്രജാപതിക്ക് കത്തയച്ചത്.
15 മാസം നീണ്ട കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് കോണ്‍ഗ്രസിലെ ഇരുപത്തിരണ്ട് എം.എല്‍.എമാര്‍ ആണ് രാജി സമര്‍പ്പിച്ചത്. ഇതില്‍ ആറ് എം.എല്‍.എമാരുടെ രാജിയാണ് സ്പീക്കര്‍ സ്വീകരിച്ചത്.
മാര്‍ച്ച് 17ന് താങ്കള്‍ എനിക്കയച്ച കത്തില്‍ കാണാതായ എം.എല്‍.എമാരെ കുറിച്ചുള്ള താങ്കളുടെ ആശങ്ക ഞാന്‍ മാനിക്കുന്നു. കഴിഞ്ഞ എട്ട് പത്ത് ദിവസമായി താങ്കള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയും വിഷമവും ഞാന്‍ മനസിലാക്കുന്നു. ഈ അംഗങ്ങളെക്കുറിച്ച് അറിയാന്‍ നിങ്ങള്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് കത്തില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും അതിനായി നിങ്ങള്‍ കാര്യമായി ശ്രമങ്ങള്‍ തന്നെ നടത്തിയിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു,” കത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
‘അംഗങ്ങളുടെ രാജി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യം എടുത്താല്‍ തന്നെ 22 അംഗങ്ങളില്‍ ആറുപേരുടെ രാജി താങ്കള്‍ സ്വീകരിച്ചിരിക്കുന്നു. അംഗങ്ങളുടെ രാജി സ്വീകരിക്കാനുള്ള നിങ്ങളുടെ നിഷ്പക്ഷവും ധീരവുമായ തീരുമാനത്തെ ഞാന്‍ പ്രശംസിക്കുകയാണ്. സ്പീക്കര്‍ എന്ന നിലയില്‍, രാജി സ്വീകരിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് നന്നായി അറിയാം. ഏതെങ്കിലും അംഗം സഭയില്‍ മുന്‍കൂട്ടി അറിയിക്കാതെയും മറ്റും ഹാജരാകാതിരുന്നാല്‍ എന്തുനടപടിയെടുക്കണമെന്നതുള്‍പ്പെടെ’, മാത്രമല്ല ഈ എം.എല്‍.എമാരുടെ രാജി സ്വീകരിക്കുന്നിലെ താങ്കളുടെ ധര്‍മ്മ സങ്കടം എനിക്ക് മനസിലാകുമെന്നും’ ഗവര്‍ണര്‍ കത്തില്‍ കുറിച്ചു.
എം.എല്‍.എമാര്‍ തനിക്കും സ്പീക്കര്‍ക്കും നിരന്തരം കത്തുകള്‍ അയക്കുന്നുണ്ടെങ്കിലും ഒരു കത്തില്‍ പോലും അവര്‍ എവിടെയാണ് ഉള്ളതെന്നോ അവര്‍ നിലവില്‍ നേരിടുന്ന പ്രശ്‌നമെന്താണെന്നോ പറയുന്നില്ല. മാത്രമല്ല ഇവരുടെ കത്തുകളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു. അവര്‍ സുപ്രീം കോടതിയെ വരെ സമീപിച്ചിരിക്കുന്നു, ഗവര്‍ണര്‍ കത്തില്‍ പറഞ്ഞു.
താങ്കള്‍ എനിക്കയച്ച കത്തിന്റെ അവസാന ഖണ്ഡികയില്‍ എം.എല്‍.എമാരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക താങ്കള്‍ പങ്കുവെച്ചു. സംസ്ഥാനത്തെ ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കേണ്ടത് എക്‌സിക്യൂട്ടീവിന്റെ കടമയാണ്, എനിക്ക് ഉറപ്പുണ്ട്, നിങ്ങളും അത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ’ കത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.