| Wednesday, 12th April 2017, 9:42 am

'ആത്മക്കളുമായി സംസാരിക്കാന്‍ കഴിയും; ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെയ്താല്‍ അത് മനസ്സിലാകും; പ്രത്യേക ഭാഷയാണ് ഉപയോഗിക്കുക'; നന്തന്‍കോട് കൊലപാതകത്തില്‍ പൊലീസിനെ വെട്ടിലാക്കി കേഡലിന്റെ മൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ ദുരൂഹതകള്‍ തീരുന്നില്ല. പിടിയിലായ കേഡല്‍ ജിന്‍സണ്‍ രാജയെ രണ്ടു രാവും ഒരു പകലും ചോദ്യം ചെയ്തിട്ടും ദുരുഹതകള്‍ നീക്കാനാകാതെ പൊലീസ് വലയുകയാണ്. മനശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിലാണ് കേഡലിനെ ചോദ്യം ചെയ്തു വരുന്നത്.

പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായാണ് കേഡല്‍ മറുപടി നല്‍കുന്നത്. മാനസികനില ശരിയല്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മനശാസ്ത്രജ്ഞന്‍ ഡോ.മോഹന്‍ റോയിയുടെ സാന്നിധ്യത്തിലാണ് കേഡലിനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി പറയാത്തതും വിശ്വസിക്കാന്‍ കഴിയാത്ത മൊഴിയും പൊലീസിനെ വലയ്ക്കുന്നുണ്ട്.

കൊലപാതകത്തെ കുറിച്ച് കേഡല്‍ പറയുന്നത് ഇങ്ങനെയാണ്.

“ആത്മാക്കളെ തനിക്ക് കാണാന്‍ സാധിക്കും. അവയുമായി സംസാരിക്കാന്‍ സാധിക്കും. പ്രത്യേക ഭാഷയാണ് ആശയസംവേദനത്തിന് ഉപയോഗിക്കുന്നത്. കൗതുകകരമായ അനുഭവമാണത്. “ആസ്ട്രല്‍ പ്രൊജക്ഷന്‍” ചെയ്താല്‍ ഇത് കൂടുതല്‍ അനുഭവവേദ്യമാകും. ഇതിനായാണ് കൊന്നത്. എല്ലാവരെയും താന്‍ ഒറ്റക്കാണ് കൊന്നത്. ആരോടും പിണക്കമില്ല. പക്ഷേ, കൊന്നു. ഇതിനായി ഓണ്‍ലൈനായി മഴു വാങ്ങി. പുതുതായി വികസിപ്പിച്ചെടുത്ത ഗെയിം കാണാനെന്ന് പറഞ്ഞ് അമ്മയെ റൂമിലേക്ക് വിളിച്ചുവരുത്തി.”


Also Read: മോദിയേയും അമിത് ഷായേയും മുന്നിലിരുത്തി ബി.ജെ.പിയുടെ ബീഫ് നയത്തിനെതിരെ ആഞ്ഞടിച്ച് സി.കെ ജാനു 


” തുടര്‍ന്ന് പിന്നില്‍ നിന്ന് മഴുകൊണ്ട് തലയില്‍ വെട്ടുകയായിരുന്നു. അന്നേദിവസംതന്നെ പിതാവിനെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പടുത്തി. റൂമിനോട് ചേര്‍ന്ന കുളിമുറിയില്‍ മൃതശരീരം കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കൊല്ലാനുണ്ടായ കാരണം എന്താണെന്ന് കണ്ടെത്താനാണ് ചെന്നൈയില്‍ പോയത്. പക്ഷേ, ഉത്തരം ലഭിച്ചില്ല. അതിനിടെ ടി.വിയില്‍ തെന്റ ഫോട്ടോ കണ്ടു. ഇതോടെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. അതിനിടെ ചിലര്‍ പിടികൂടി.”

ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃത്യം നടത്തിയ ദിവസത്തെ കുറിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇതിനെ കുറിച്ച് ചോദിക്കുമ്പോള്‍ ദിവസവും സമയവും മാറ്റിമാറ്റിയാണ് കേഡല്‍ മൊഴി നല്‍കുന്നത്.

കേഡലിന്റെ മൊഴികളില്‍ പലതും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. തെളിവെടുപ്പ് സമയത്ത് കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

We use cookies to give you the best possible experience. Learn more