| Monday, 2nd September 2019, 12:55 pm

കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭീകരവാദികളും നേതാക്കളും തമ്മിലുള്ള ആശയവിനിമയം തടയാന്‍; ന്യായീകരണവുമായി വിദേശകാര്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആശയ വിനിമയ സംവിധാനങ്ങള്‍ക്കും ഇന്റര്‍നെറ്റിനും കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ ന്യായീകരിച്ച് വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍. തീവ്രവാദികളും അവരുടെ നേതാക്കളും തമ്മിലുള്ള ആശയവിനിമയം തടയാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ജയശങ്കറിന്റെ ന്യായീകരണം.

‘എല്ലാ കശ്മീരികളേയും ബാധിക്കാതെ തീവ്രവാദികള്‍ക്കിടയിലുള്ള ആശയവിനിമയം നിര്‍ത്തിവെക്കാന്‍ കഴിയില്ല. മറ്റുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സ്വതന്ത്രമായി തുറന്നുകൊടത്തുകൊണ്ട് എങ്ങനെയാണ് തീവ്രവാദികളും അവരുടെ നേതാക്കളും തമ്മിലുള്ള ആശയവിനിമയത്തെ എനിക്കു തടയാന്‍ കഴിയുക? പറഞ്ഞുതന്നാല്‍ വലിയ ഉപകാരമാകും.’ എന്നാണ് ബ്രസല്‍സില്‍ പൊളിറ്റിക്കോ ന്യൂസ്‌പേപ്പറിനു നല്‍കിയ അഭിമുഖത്തില്‍ ജയശങ്കര്‍ പറഞ്ഞത്.

പാക്ക് മണ്ണില്‍ നിന്നും ഭീകരവാദം തുടച്ചുമാറ്റുന്നതുവരെ ചര്‍ച്ചയ്ക്കില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ പരസ്യമായി ഭീകരവാദം നടപ്പിലാക്കുമ്പോള്‍ ഇന്ത്യയ്ക്ക് ചര്‍ച്ചയെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ലയെന്നും ജയശങ്കര്‍ പറഞ്ഞു. ‘നിബന്ധനകളോടു കൂടിയ ചര്‍ച്ചകള്‍’ എന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ജയചന്ദ്രന്‍ ഇങ്ങനെ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ പാക്കിസ്ഥാന്റെ ഇരുണ്ട മൂലകളില്‍ നടക്കുന്ന ഒന്നല്ല തീവ്രവാദം. പകല്‍ വെളിച്ചത്തിലാണ് അതു ചെയ്യുന്നത്.’ എന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ അസ്വാരസ്യങ്ങള്‍ വര്‍ധിച്ചിരുന്നു. ഇന്ത്യയുമായുള്ള വാണിജ്യ ബന്ധങ്ങള്‍ വിച്ഛേദിച്ച പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പുറത്താക്കിയിരുന്നു.

We use cookies to give you the best possible experience. Learn more