| Tuesday, 9th July 2024, 10:55 am

ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തിരിച്ചയക്കാനാകില്ലെന്ന് പ്രധാനമന്ത്രിയോട് മിസോറാം മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബംഗ്ലാദേശ് സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ട് സംസ്ഥാനത്ത് അഭയം പ്രാപിച്ച അഭയാര്‍ത്ഥികളെ തിരിച്ചയക്കില്ലെന്ന് മിസോറാം മുഖ്യമന്ത്രി ലാല്‍ദുഹോമ. അഭയാര്‍ത്ഥികളെ തിരിച്ചയക്കില്ലെന്ന് ലാല്‍ദുഹോമ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഏകദേശം 2,000 ബംഗ്ലാദേശി അഭയാര്‍ത്ഥികളാണ് ഇപ്പോള്‍ മിസോറാമിലുള്ളത്. ബംഗ്ലാദേശിലെ വിമത ഗ്രൂപ്പായ കുക്കി ചിന്‍ നാഷണല്‍ ആര്‍മിക്കെതിരെ ബംഗ്ലാദേശ് സൈന്യം ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ഇവര്‍ മിസോറാമിലേക്ക് പലായനം ചെയ്തത്.

ആക്രമണത്തെ തുടര്‍ന്ന് 2022 നവംബര്‍ മുതലാണ് മിസോറാമിലേക്ക് ഇവര്‍ പലായനം ആരംഭിച്ചത്. ജൂലൈ ഏഴിന് പ്രാധാനമന്ത്രിയുമായി ദല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ലാല്‍ദുഹോമ നിലപാട് അറിയിച്ചത്.

സംസ്ഥാനത്ത് അഭയം പ്രാപിച്ചവര്‍ മിസോറാം ജനതയുടെ സഹോദര ഗോത്രത്തില്‍ പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പ്രവേശിച്ച 93 അഭയാര്‍ത്ഥികളെ അതിര്‍ത്തി രക്ഷാസേന തിരിച്ചയച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ബംഗ്ലാദേശി അഭയാര്‍ത്ഥികള്‍ ഇപ്പോഴും മടങ്ങാന്‍ ഭയപ്പെടുകയാണ്. ജൂലൈ മൂന്നിന് 140 അഭയാര്‍ത്ഥികളെ സുരക്ഷാ സേന തിരിച്ചയച്ചതായും റിപ്പോര്‍ട്ടുണ്ട്. അവരില്‍ 30 ഓളം പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായും മിസോറാം ബാം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ലാല്‍റാംചന ബവിത്‌ലുങ് പറഞ്ഞിരുന്നു.

ഇവരില്‍ ചിലർക്ക് ബംഗ്ലാദേശിലേക്ക് തന്നെ മടങ്ങേണ്ടി വന്നെന്നും ചിലര്‍ക്ക് വനത്തില്‍ അഭയം തേടേണ്ടി വന്നെന്നും അദ്ദേഹം ആരോപിച്ചു.

അഭയാർത്ഥികൾ തിരിച്ച് ബംഗ്ലാദേശിലേക്ക് മടങ്ങിയാല്‍ ഉണ്ടാകുന്ന അവസ്ഥ പരിഗണിച്ച് നാടുകടത്തല്‍ ഉടന്‍ നിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷിത സ്ഥലം കണ്ടെത്തുന്നത് വരെ ഇവരെ ഇന്ത്യയിലെ നിയുക്ത അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തുടരാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ, ലാല്‍ദുഹോമയുടെ മുന്‍ഗാമിയായ സോറംതംഗയും സംഘര്‍ഷഭരിതമായ മ്യാന്‍മറില്‍ നിന്ന് മിസോറാമിലേക്ക് കടന്ന അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്രത്തിന്റെ ഉത്തരവുകള്‍ നിരസിച്ചിരുന്നു.

Content Highlight: ‘Can’t Send Back Refugees Fleeing Bangladesh Army,’ Mizoram CM Lalduhoma Tells PM Modi

We use cookies to give you the best possible experience. Learn more