നെയ്മറെ വിൽക്കാൻ പറ്റുന്നില്ല; ആശങ്കയിൽ പി.എസ്.ജി; റിപ്പോർട്ട്
football news
നെയ്മറെ വിൽക്കാൻ പറ്റുന്നില്ല; ആശങ്കയിൽ പി.എസ്.ജി; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th April 2023, 9:51 am

ഫ്രാൻസിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി. ലീഗിൽ സ്ഥിരതയോടെ മെച്ചപ്പെട്ട പ്രകടനം തുടരാൻ കഴിയാത്തത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയാണ്. ഇതോടെ ആരാധകരുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള വിമർശനങ്ങൾ ക്ലബ്ബിന് നേരിടേണ്ടി വരുന്നുണ്ട്.

എന്നാൽ പ്രകടനത്തിന് പുറമേ താരങ്ങളുടെ ട്രാൻസ്ഫർ സംബന്ധമായ പ്രശ്നങ്ങളും ക്ലബ്ബിനെ അലട്ടുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ പാരിസ് ക്ലബ്ബിന് നെയ്മറെ വിൽക്കാൻ സാധിക്കില്ലെന്നും അത് മൂലം ക്ലബ്ബിന്റെ പദ്ധതികളെല്ലാം താറുമാറായെന്നുമാണ് ലെ പാരീസിയന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ലൂയിസ് കാമ്പോസിനും അന്റെറോ ഹെൻറിക്കിനുമാണ് ക്ലബ്ബിലെ ട്രാൻസ്ഫർ സംബന്ധമായ ചുമതലകളുള്ളത്.

എന്നാൽ നെയ്മർക്ക് പറ്റിയ ഒരു ക്ലബ്ബ് കണ്ടെത്താൻ സാധിക്കാത്തതോടെ ക്ലബ്ബിന്റെ ട്രാൻസ്ഫർ സംബന്ധമായ ഭാവി പദ്ധതികൾ അനശ്ചിതത്വത്തിലാണ്.

2027 വരെ പി.എസ്.ജിയിൽ കരാറുള്ള താരത്തിനെ വിറ്റാൽ മാത്രമേ പുതിയ താരങ്ങളെ ക്ലബ്ബിന് തങ്ങളുടെ സ്‌ക്വാഡിലേക്ക് ചേർക്കാൻ സാധിക്കൂ.
കൂടാതെ താരത്തിന്റെ ഉയർന്ന പ്രതിഫലവും ക്ലബ്ബിന് സാമ്പത്തികമായി തിരിച്ചടി നൽകുന്നുണ്ട്.

നിലവിൽ പരിക്ക് മൂലം വിശ്രമത്തിലായ നെയ്മർക്ക് ഈ ഫുട്ബോൾ സീസൺ നഷ്‌ടമായേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

അതേസമയം ലീഗ് വണ്ണിൽ 29 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി. എസ്.ജി.

ഏപ്രിൽ ഒമ്പതിന് നൈസിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: can’t sell Neymar: psg in trouble report