ശ്രീനഗര്‍: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 300 സീറ്റ് കിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ പൊതുപരിപാടിയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടി റദ്ദാക്കണമെങ്കില്‍ ഒന്നുകില്‍ സുപ്രീംകോടതി വിചാരിക്കണമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസ് 300 ലധികം സീറ്റ് നേടി അധികാരത്തില്‍ വരണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ അതിന് (300 സീറ്റ് നേടുന്നതിന്) താന്‍ സാധ്യതയൊന്നും കാണുന്നില്ലെന്നും ദൈവം സഹായിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ദേശീയതലത്തില്‍ വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ആസാദിന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. ബി.ജെ.പിയ്‌ക്കെതിരെ കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് മറ്റ് പ്രതിപക്ഷ കക്ഷികളും കുറ്റപ്പെടുത്തുന്നുണ്ട്.
യു.പി.എ എന്നുപറഞ്ഞാല്‍ എന്താണെന്നും ഇപ്പോള്‍ യു.പി.എ എന്നൊന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന് ഒരു സാധ്യതയും ഇല്ലാതിരിക്കുമ്പോഴും അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് പോരാടാത്തതുകൊണ്ട് ബി.ജെ.പി വളരുകയാണെന്നും മമത പറഞ്ഞു.
ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ തൃണമൂലിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും മമത ബാനര്‍ജി നേരത്തെ ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ‘നിര്‍ബന്ധമാണോ’ എന്നാണ് മമത ചോദിച്ചത്.
ബി.ജെ.പി ഇതര കക്ഷികളുമായി മമത നേരിട്ട് ചര്‍ച്ച നടത്തുന്നുണ്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി വിരുദ്ധ കക്ഷികളെ ഒന്നിപ്പിക്കുകയെന്നതാണ് മമതയുടെ ലക്ഷ്യം.