| Monday, 6th April 2020, 11:47 am

'ഒരു കാരണവശാലും അതിര്‍ത്തി തുറക്കില്ല; മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്': യെദിയൂരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്നും മംഗളൂരുവിലെ ജനങ്ങളുടെ ജീവിതം അപകടപ്പെടുത്തുന്ന തരത്തിലുള്ള ഒരു തീരുമാനവും സംസ്ഥാനം സ്വീകരിക്കില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ.

അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ അയച്ച കത്തിന് മറുപടി നല്‍കവേയാണ് യെദിയൂരപ്പ നിലപാട് വ്യക്തമാക്കിയത്.

കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി അടച്ചത് കാരണം ചികിത്സ കിട്ടാതെ നിരവധി രോഗികള്‍ മരണപ്പെടുന്നു എന്ന് കാണിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയച്ചിരുന്നു.

എന്നാല്‍ വിഷയത്തില്‍ പരിഹാരം കാണാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല. അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കി നാളെ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കെയാണ് നിലപാടിലുറച്ച് യെദിയൂരപ്പ രംഗത്തെത്തിയത്.

‘കര്‍ണാടകയിലെ ജനങ്ങളുടെ താത്പര്യമാണ് സര്‍ക്കാരിന് പ്രധാനം. അതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനം ആലോചിച്ച് എടുത്തതാണ്. ഇതില്‍ രാഷ്ട്രീയ വിദ്വേഷമൊന്നുമില്ല. അയല്‍ സംസ്ഥാനങ്ങളോട് നല്ല സഹോദരബന്ധം പുലര്‍ത്തണമെന്ന് തന്നെയാണ് തങ്ങളുടേയും നിലപാട്.

എന്നാല്‍ കാസര്‍ഗോഡ് മേഖലയില്‍ 106 കൊവിഡ് രോഗികളുണ്ട്. രാജ്യത്ത് തന്നെ ഏറ്റവുമധികം രോഗവ്യാപനമുള്ള മേഖലയാണിത്. അതിനാല്‍ തന്നെ മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷ തങ്ങള്‍ക്ക് നോക്കിയേ തീരൂ. ഐ.എം.എയും വിദഗ്ധരും നല്‍കിയ റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് തങ്ങള്‍ ഇത്തരമൊരു നിലപാട് കൈക്കൊണ്ടതെന്നും’ യെദിയൂരപ്പ കത്തില്‍ പറഞ്ഞു.

മനുഷ്യത്വം പരിഗണിച്ച് തലപ്പാടി അതിര്‍ത്തി തുറക്കാന്‍ കര്‍ണാടക തയ്യാറാകണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 31 നായിരുന്നു എച്ച്.ഡി ദേവഗൗഡ യെദിയൂരപ്പയ്ക്ക് കത്തയച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more