| Tuesday, 22nd December 2020, 11:38 am

'ഒരു രഹസ്യ പ്രതിനിധിയും എവിടെയും പോയിട്ടില്ല' ; ഇസ്രഈലിനോടുള്ള നിലപാട് വ്യക്തമാക്കി പാകിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതുവരെ ഇസ്രഈലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് യു.എ.ഇയോട് പാകിസ്ഥാന്‍.

അറബ് രാഷ്ട്രങ്ങള്‍ ഇസ്രഈലുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനിടെയാണ് ഇസ്രഈലിനോടുള്ള നിലപാട് വ്യക്തമാക്കി പാകിസ്ഥാന്‍ രംഗത്തെത്തിയത്.

ഫലസ്തീന്‍ വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധത്തം സാധ്യമല്ലെന്നാണ് പാക് വിദേശകാര്യ മന്ത്രി ഷാ മെഹബൂബ് ഖുറേഷി പറഞ്ഞത്.

പാകിസ്ഥാന്‍ ഒരു രഹസ്യ പ്രതിനിധിയെ ഇസ്രഈലിലേക്ക് അയച്ചുവെന്ന കിംവദന്തികള്‍ പരക്കുന്നതിനിടയിലാണ് പാകിസ്ഥാന്‍ ഇസ്രഈലിനോടുള്ള നിലപാട് വ്യക്തമാക്കിയത്.

പാക് വിദേശകാര്യ മ്ര്രന്തിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് പിന്നാലെയാണ് രഹസ്യ പ്രതിനിധിയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ വാര്‍ത്തകളില്‍ വന്നത്. അതേസമയം ഇസ്രഈലി മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് വന്ന വാര്‍ത്ത പാകിസ്ഥാന്‍ നിഷേധിച്ചിരുന്നു.

ഇസ്രഈലിനെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനു മേല്‍ സൗദി അറേബ്യ, യു.എ.ഇ, തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ പാകിസ്ഥാന്‍ നിഷേധിച്ചു.

യു.എ.ഇ, മൊറോക്കോ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രഈലുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. സൗദിയും ഇസ്രഈലുമായി ധാരണയിലെത്തുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷണങ്ങള്‍.

അതേസമയം പാകിസ്ഥാനും ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ബന്ധം അനുദിനം വഷളായിക്കാണ്ടിരിക്കുകയാണ്. സൗദി പാകിസ്ഥാന് അനുവദിച്ച സോഫ്റ്റ് ലോണുകള്‍ തിരികെ അടക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് പാകിസ്ഥാന് വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. യു.എ.ഇ പാകിസ്ഥാനില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധിച്ചതും ഇമ്രാന്‍ ഖാന് വലിയ പ്രതിസന്ധി തീര്‍ത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Can’t recognise Israel until Palestine resolved: Pakistan to UAE

We use cookies to give you the best possible experience. Learn more