ദിസ്പൂർ: കൃത്യമായ തെളിവുകളില്ലാതെ ഒരാളെയും വിദേശിയാണെന്ന് സംശയിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇതോടെ രണ്ട് പതിറ്റാണ്ടിലേറെയായി പൗരത്വത്തിനു വേണ്ടി അസം സ്വദേശി മുഹമ്മദ് റഹിം അലി നടത്തുന്ന നിയമപോരാട്ടമാണ് ഫലം കണ്ടത്. നീതിയുടെ ഗുരുതരമായ വീഴ്ചയിലൂടെയാണ് അദ്ദേഹം കടന്നു പോയതെന്നും കോടതി പറഞ്ഞു.
2002ലാണ് കേസിനാസ്പദമായ സംഭവം. അസമിലെ ഒരു സബ് ഇൻസ്പെക്ടർ അസം സ്വദേശിയായ മുഹമ്മദ് റഹിം അലി വിദേശിയാണെന്ന പേരിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ സബ് ഇൻസ്‌പെക്ടറുടെ പക്കൽ കൃത്യമായ തെളിവുകളോ അനുബന്ധ രേഖകളോ ഇല്ലായിരുന്നു. തന്നേക്കാൾ മുതിർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ നിർദേശ പ്രകാരമാണ് പരാതി നൽകിയത്.
ഇതിനെത്തുടർന്നുണ്ടായ ഏഴുദിവസത്തെ അന്വേഷണത്തിലും അലി തൻ്റെ രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടു. അന്ന് മുതൽ അലി നിയമപോരാട്ടം തുടങ്ങി.
1946 ലെ ഫോറിനേഴ്‌സ് ആക്‌ട് പ്രകാരമുള്ള ഒരു വ്യവസ്ഥയാണ് അലിക്ക് തടസമായത്. ഈ സെക്ഷൻ പ്രകാരം ഒരാൾ വിദേശപൗരനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത ഭരണകൂടത്തിനല്ല, മറിച്ച് അയാൾക്ക് തന്നെയാണ്.
തുടർന്ന് താൻ വിദേശിയാണെന്ന ഗുവാഹത്തി ഹൈക്കോടതി ഉത്തരവിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. തൻ്റെ മാതാപിതാക്കളുടെ പേരുകൾ അസം സംസ്ഥാന വോട്ടിങ് ലിസ്റ്റിൽ ഒന്നിലധികം വർഷങ്ങളായി ഉണ്ടെന്നും മകൾക്ക് താമസ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും ഉൾപ്പെടെ നിരവധി കാര്യങ്ങൾ അയാൾ കോടതി മുൻപാകെ ചൂണ്ടിക്കാട്ടി.
1966-ന് വളരെ മുമ്പുതന്നെ അദ്ദേഹത്തിൻ്റെ കുടുംബം ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന രേഖകൾ ഉണ്ടായിരുന്നിട്ടും, കേവലം അക്ഷര പിശകുകളുടെ അടിസ്ഥാനത്തിലായിരുന്നു അവ നിരസിക്കപ്പെട്ടിരുന്നത്.
ഫോറിനേഴ്‌സ് ആക്ടിലെ സെക്ഷൻ 9 പരാമർശിച്ചുകൊണ്ട്, കൃത്യമായ വിവരമില്ലാതെ സംസ്ഥാനത്തിന് ഒരു വ്യക്തിക്കെതിരെ നടപടിയെടുക്കാമെന്ന് ഈ വ്യവസ്ഥ അർത്ഥമാക്കുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
ഒരു വ്യക്തിക്കെതിരെ എന്തെങ്കിലും കാര്യമോ തെളിവുകളോ ഉണ്ടായിരിക്കേണ്ടത് നിർണായകമാണെന്നും ഈ കേസിൽ തുടരാൻ അലിക്കെതിരെ ഒരു തെളിവ് പോലും ഇല്ലെന്നും കോടതി പറയുന്നു.
ഇന്ത്യൻ നിയമത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വമായ ‘ഓഡി ആൾട്ടേറാം പാർട്ടെം’ (മറുവശവും കേൾക്കുക) എന്നതിന് കീഴിൽ, കുറ്റാരോപിതർക്കെതിരെയുള്ള കാര്യങ്ങൾ അവരുമായി പങ്കുവെക്കേണ്ടത് നിർബന്ധമാണ്.
സ്വത്ത് ഇല്ലാത്ത നിരക്ഷരർക്കും വിദ്യാഭ്യാസമില്ലാത്തവർക്കും ഔദ്യോഗിക രേഖകൾ ഇല്ലാത്തത് അസാധാരണമല്ല. അലി നൽകിയ രേഖകളിൽ ചൂണ്ടിക്കാണിച്ച അക്ഷരപ്പിശകുകൾ പോലുള്ള പൊരുത്തക്കേടുകൾ ചെറിയത് മാത്രമാണെന്നും രേഖകളുടെ ആധികാരികത സംശയാസ്പദമല്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.
Content Highlight: Can’t randomly suspect person of being foreigner: SC