പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വെറുതെ ട്വിറ്റര്‍ ഗെയിമിന് നില്‍ക്കേണ്ടെന്ന് സഖ്യകക്ഷിയായ ജെ.ഡി.യുവിനോട് ബി.ജെ.പി ബീഹാര്‍ അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍. ജെ.ഡി.യു തങ്ങളുടെ പരിധി മറന്ന് കളിക്കരുതെന്നും, അങ്ങനെ പരിധി മറക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ 76 ലക്ഷത്തോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്നും ജയ്‌സ്വാള്‍ പറഞ്ഞു.
ബി.ജെ.പി സഖ്യത്തിലാണ് ജെ.ഡി.യു ബീഹാര്‍ ഭരിക്കുന്നത്. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലാണ് സഖ്യക്ഷിയായ ജെ.ഡി.യുവിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്. മോദിയോട് ട്വിറ്റര്‍ ഗെയിമിന് നില്‍ക്കേണ്ടെന്നും പോസ്റ്റില്‍ അദ്ദേഹം ഭീഷണി സ്വരത്തില്‍ പറയുന്നുണ്ട്.
അശോക ചക്രവര്‍ത്തിയെ കുറിച്ചുള്ള പ്രസ്താവനയുടെ പേരില്‍ പദ്മശ്രീ പുരസ്‌കാരം നേടിയ ദയ പ്രകാശ് സിന്‍ഹയുടെ പദ്മ പുരസ്‌കാരം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജെ.ഡി.യു ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്ജനും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാനായ ഉപേന്ദ്ര കുശ്വാഹയും കത്തയച്ചിരുന്നു. ഇതാണ് ബി.ജെ.പി അധ്യക്ഷനെ ചൊടിപ്പിച്ചത്.
എന്തുകൊണ്ടാണ് സിന്‍ഹയെ അറസ്റ്റ് ചെയ്യാന്‍ നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മടിക്കുന്നതെന്നും അതിന് പകരം പ്രധാനമന്ത്രിക്ക് കത്തെഴുതുകയാണോ വേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലൊരു സംഭവം ആദ്യമായാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദയ പ്രകാശ് സിന്‍ഹ
ഇതിന് പിന്നാലെ ജയ്‌സ്വാള്‍ ദയ പ്രകാശ് സിന്‍ഹയ്‌ക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു. അശോക ചക്രവര്‍ത്തിയെയും മുഗള്‍ രാജാവ് ഔറംഗസേബിനെയും തുല്യപ്രാധാന്യത്തോടെ വരച്ചുകാട്ടിയതിനാണ് സിന്‍ഹയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
‘എന്തിനാണ് എന്നെയും കേന്ദ്ര നേതൃത്വത്തെയും ചേര്‍ത്ത് ഇവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. സഖ്യത്തിലാണെങ്കില്‍ ആ മര്യാദ പാലിച്ച് നില്‍ക്കണം. ഇനിയൊരിക്കലും ഏകപക്ഷീയമായി കാര്യങ്ങള്‍ നടക്കാന്‍ പറ്റില്ല.
പ്രധാനമന്ത്രിയോട് ട്വിറ്റര്‍ ഗെയിം കളിക്കാന്‍ പറ്റില്ല എന്നതാണ് നമ്മുടെ സഖ്യത്തിലെ ആദ്യ വ്യവസ്ഥ. നിങ്ങള്‍ അതിന് മുതിരുകയും പ്രധാനമന്ത്രിയോട്‌ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയാണെങ്കില്‍ ബീഹാറിലെ 76 ലക്ഷത്തോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകരായിരിക്കും അതിനുള്ള ഉത്തരം നല്‍കുക. ഈ വ്യവസ്ഥ നിങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുണ്ട്,’ ജയ്‌സ്വാള്‍ പോസ്റ്റില്‍ പറയുന്നു.
ഒരിക്കല്‍ നല്‍കിയ പുരസ്‌കാരം തിരിച്ചെടുക്കാന്‍ പ്രധാനമന്ത്രിയോടാവശ്യപ്പെടുന്ന തരത്തിലുള്ള വിഡ്ഢിത്തം വേറെയുണ്ടാകില്ലെന്നും ജയ്‌സ്വാള്‍ പറഞ്ഞു.
സഖ്യകക്ഷികള്‍ ഒരുമിച്ചിരുന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും, 2005ന് മുന്‍പുള്ളതുപോലെ മുഖ്യമന്ത്രിയുടെ വസതി കൊള്ളയുടെയും കൊലപാതകത്തിന്റെയും കേന്ദ്രമായി മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തങ്ങള്‍ മുന്നോട്ടുവെച്ച് ആവശ്യത്തില്‍ നിന്നും പിന്‍മാറില്ലെന്നും, സിന്‍ഹയുടെ പുരസ്‌കാരം പിന്‍വലിക്കുന്നതു വരെ നിലപാട് മാറ്റില്ലെന്നുമായിരുന്നു ജയ്‌സ്വാളിന്റെ ‘ഭീഷണി’ക്ക് ജെ.ഡി.യുവിന്റെ മറുപടി.
2020ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു ബി.ജെ.പി-ജെ.ഡി.യു സഖ്യം അധികാരത്തിലെത്തിയത്. ആര്‍.ജെ.ഡി-ഇടതുപാര്‍ട്ടികള്‍-കോണ്‍ഗ്രസ് എന്നിവരുടെ സഖ്യമായി മഹാഗഡ്ബന്ധനെ പരാജയപ്പെടുത്തിയായിരുന്നു എന്‍.ഡി.എ അധികാരത്തിലേറിയത്.