മുംബൈ: കോണ്‍ഗ്രസിനെ അവഗണിച്ചുള്ള ഒരു മൂന്നാം മുന്നണിയെപ്പറ്റി ചിന്തിച്ചിട്ടില്ലെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. ഇക്കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഒഴികെയുള്ള വിവിധ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുമായി പവാര്‍ ചര്‍ച്ച നടത്തിയ സാഹചര്യത്തിലായിരുന്നു പരാമര്‍ശം.
‘മൂന്നാം മുന്നണി രൂപീകരിക്കുന്നതിനെപ്പറ്റി രാഷ്ട്ര മഞ്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഇനി അങ്ങനെയൊരു മുന്നണി രൂപീകരിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുമാത്രമായിരിക്കും,’ ശരദ് പവാര്‍.
മൂന്നാം മുന്നണിയുടെ നേതൃത്വം സംബന്ധിച്ച കാര്യവും കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും പവാര്‍ പറഞ്ഞു. നേരത്തെ പവാര്‍ തന്റെ വസതിയില്‍ 12 ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ചിരുന്നു.
ഇതില്‍ എട്ട് പാര്‍ട്ടിയുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. സി.പി.ഐ.എം, സി.പി.ഐ., തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, ആര്‍.എല്‍.ഡി. തുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തിനെത്തിയിരുന്നു.
ചൊവ്വാഴ്ചയായിരുന്നു എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തത്.
അതേസമയം മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ബി.ജെ.പിയെ വെല്ലുവിളിക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞത്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതിപക്ഷ മൂന്നാം മുന്നണിക്ക് വിജയിക്കാന്‍ കഴിയില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
നേരത്തെ തന്നെ പരീക്ഷിച്ച് പരാജയപ്പെട്ട പുരാതന ആശയമാണ് മൂന്നാം മുന്നണിയെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.