| Thursday, 5th December 2019, 11:26 pm

'അതു തീരുമാനിക്കാന്‍ അയാളാരാണ്?'; ബി.ജെ.പി പ്രവേശത്തിലും ജെ.ഡി.എസുമായുള്ള സഖ്യത്തിലും നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഉപതെരഞ്ഞെടുപ്പിനു ശേഷം തന്നെ ബി.ജെ.പിയിലേക്കു കൊണ്ടുവരുമെന്ന പാര്‍ട്ടി മുന്‍ നേതാവ് രമേശ് ജാര്‍ക്കിഹോളിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഇക്കാര്യം തീരുമാനിക്കാന്‍ അയാള്‍ ആരാണെന്നു ചോദിച്ച സിദ്ധരാമയ്യ, വര്‍ഗീയ പാര്‍ട്ടിയില്‍ ചേരുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും പറഞ്ഞു.

ബദാമി താലൂക്കിലെ കെരൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയായ സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞു.

‘ഇതൊരു പക്വതയില്ലാത്ത പ്രസ്താവനയാണ്. രമേശിന് ആശയപരമായി ഒരു പ്രതിബദ്ധതയുമില്ല. അയാള്‍ക്ക് ഒരു രാഷ്ട്രീയ സിദ്ധാന്തവുമില്ല. അയാള്‍ക്കു തോന്നുന്നത് അയാള്‍ പറയും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാഷ്ട്രീയമെന്നതു കുട്ടിക്കളിയല്ല. എന്റെ ജീവിതത്തിലുടനീളം വര്‍ഗീയ ശക്തികളോടാണു ഞാന്‍ പോരാടിയത്. അതുകൊണ്ട് ഇത്തരം ഉത്തരവാദിത്വമില്ലായ്മ രമേശ് കാണിക്കരുത്.’- സിദ്ധരാമയ്യ പറഞ്ഞു.

താന്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടെന്ന ആരോപണം അദ്ദേഹം തള്ളി. ബി.ജെ.പി നേതാക്കളാണ് ഇത്തരം നുണകള്‍ പടച്ചുവിടുന്നതെന്നും ഇതൊരു പബ്ലിസിറ്റി ഗിമ്മിക്കാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഒറ്റക്കെട്ടാണെന്നും ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണു ഭാവി മുഖ്യമന്ത്രിയായി കര്‍ണാടകത്തിലേക്ക് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്ന അഭ്യൂഹത്തിലും അദ്ദേഹം പ്രതികരിച്ചു. ‘ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഹൈക്കമാന്‍ഡാണ് ഇക്കാര്യം തീരുമാനിക്കുക. ആരാണു മുഖ്യമന്ത്രിയാകുകയെന്നതു ചര്‍ച്ച ചെയ്യേണ്ട സമയമല്ലിത്.

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കുറഞ്ഞത് 10 സീറ്റെങ്കിലും ജയിക്കും. ജെ.ഡി.എസ് ഒന്നോ രണ്ടോ. അതിനുശേഷം ഞങ്ങള്‍ സഖ്യത്തെപ്പറ്റിയും മുഖ്യമന്ത്രിയെപ്പറ്റിയുമൊക്കെ ചര്‍ച്ച ചെയ്യും.’- അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യാഴാഴ്ചയാണ് കര്‍ണാടകത്തിലെ 15 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കുറഞ്ഞത് ആറ് സീറ്റെങ്കിലും നേടിയാലേ ബി.ജെ.പിക്കു ഭരണത്തില്‍ തുടരാനാവൂ.

We use cookies to give you the best possible experience. Learn more