ന്യൂദല്‍ഹി: ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡ് വീതി കൂട്ടാന്‍ മരങ്ങള്‍ മുറിക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
ശ്രീകൃഷ്ണന്റെ പേരില്‍ മൂവായിരത്തോളം മരങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വെട്ടിമാറ്റാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മുറിച്ചതിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് സംസ്ഥാനം അറിയിച്ചെങ്കിലും 100 വര്‍ഷം പഴക്കമുള്ള മരങ്ങള്‍ വെട്ടിമാറ്റുന്നതിനു തുല്യമല്ല പുതിയ തൈ നടുന്നതെന്ന് കോടതി പറഞ്ഞു.
മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള 25 കിലോമീറ്റര്‍ പരിധിയിലെ റോഡുകള്‍ വീതികൂട്ടാന്‍ 2,940 മരങ്ങള്‍ വെട്ടിമാറ്റാന്‍ അനുമതി തേടിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഇതിന് 138.41 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
‘മരങ്ങള്‍ ഓക്സിജന്‍ നല്‍കുന്നു. അവയെ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്താനാകില്ല’, കോടതി പറഞ്ഞു.
വാഹനങ്ങളുടെ വേഗം ഉറപ്പാക്കാന്‍ മരങ്ങള്‍ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന സംസ്ഥാനത്തിന്റെ വാദവും കോടതി തള്ളി. സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായ റിപ്പോര്‍ട്ട് വേണമെന്ന് കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Can’t Cut Thousands Of Trees For Krishna”: Top Court To UP Government