| Monday, 7th December 2020, 8:27 pm

പഴയ നിയമങ്ങള്‍ കൊണ്ട് പുതിയ നൂറ്റാണ്ട് കെട്ടിപ്പടുക്കാനാവില്ല; കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന സൂചന നല്‍കി മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സമരം തുടരുന്നതിനിടെ നിയമം പുനപരിശോധിചക്കില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗ്രാ മെട്രോ റെയില്‍ പ്രൊജക്ട് വിര്‍ച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിന് പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ ഇപ്പോള്‍ ഭാരമാകുന്നെന്നും മോദി പറഞ്ഞു.

‘പുതിയ സൗകര്യങ്ങള്‍ക്ക് പുത്തന്‍ പരിഷ്‌കാരങ്ങള്‍ വേണ്ടിവരും. അടുത്ത നൂറ്റാണ്ടിനെ നമുക്ക് കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ വെച്ച് നിര്‍മ്മിക്കാനാവില്ല’ മോദി പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ നല്ലതിനായി ഉപയോഗിച്ചിരുന്ന പല നിയമങ്ങളും ഇപ്പോള്‍ ഭാരമാകുന്നുണ്ട്. പരിഷ്‌കാരങ്ങള്‍ തുടര്‍ച്ചയുള്ള പ്രവൃത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ ഭാരത് ബന്ദ് നടത്താനിരിക്കെയാണ് മോദിയുടെ പ്രതികരണം.

ഡിസംബര്‍ 8ന് നടക്കുന്ന കര്‍ഷക ബന്ദിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ് വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികളാണ് പിന്തുണ അറിയിച്ചത്.

ദല്‍ഹി അതിര്‍ത്തികളില്‍ പതിനൊന്ന് ദിവസത്തിലേറെയായി കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Can’t build new century with old laws’: PM Modi’s pitch for reforms amid farmers’ protest

We use cookies to give you the best possible experience. Learn more