national news
ഇതൊരു തീരാത്ത കഥയായി മാറരുത്; ലഖിംപൂര്‍ കേസില്‍ യു.പി സര്‍ക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 20, 10:54 am
Wednesday, 20th October 2021, 4:24 pm

ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഓടിച്ചു കയറ്റി കൊന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകിയതില്‍ യു.പി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. അന്വേഷണം തീരാക്കഥയായി മാറരുതെന്ന് യു.പി സര്‍ക്കാറിന് കോടതി താക്കീത് നല്‍കി. ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ വൈകുന്നതെന്താണെന്ന് കോടതി ചോദിച്ചു.

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതിലും സാക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തിലും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് അതൃപ്തി അറിയിച്ചു. അന്വേഷണം അവസാനിക്കാത്ത കഥയായി മാറരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് താക്കീത് നല്‍കി.
കേസിന്റെ അന്വേഷണത്തില്‍ കെടുകാര്യസ്ഥത അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

യു.പി ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ക്ക് വേണ്ടി ഇന്നലെ രാത്രി ഒരു മണിവരെ കാത്തിരുന്നു. ഇന്ന് കോടതി തുടങ്ങുന്നതിന് തൊട്ടുമ്പാണ് യു പി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

അതേസമയം, കേസിലെ സാക്ഷികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാനും കോടതി യു.പി സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവ് ഉള്‍പ്പെടെ നാലുപേര്‍ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

സുമിത് ജെയ്‌സ്വാള്‍, നന്ദന്‍ സിംഗ് ഭിഷ്ട്,ശിശുപാല്‍, സത്യപ്രകാശ് ത്രിപാഠി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുമിത് ജെയ്‌സ്വാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.സംഭവത്തില്‍ആശിഷ് മിശ്ര അറസ്റ്റിലായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: “Can’t Be Unending Story”: Supreme Court Raps UP On Farmers’ Killing