| Tuesday, 29th June 2021, 8:28 am

മൂന്ന് കുരങ്ങന്മാരുടെ പ്രതീകമാകാന്‍ വയ്യ; കേന്ദ്രത്തിന്റെ പുതിയ സിനിമാ നയത്തിനെതിരെ കമല്‍ ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സിനിമാറ്റോഗ്രാഫ് ആക്ട് 2021 നടപ്പാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍.

സിനിമയ്ക്കും മാധ്യമത്തിനും പ്രതികരണ ശേഷിയില്ലാത്ത മൂന്ന് കുരങ്ങന്മാരുടെ പ്രതീകമാകാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘സിനിമ, മാധ്യമം, സാക്ഷരത എന്നിവയ്ക്ക് കേള്‍ക്കാനും പറയാനും കാണാനും ശേഷിയില്ലാത്ത ആ കുരങ്ങുകളുടെ മൂന്ന് പ്രതിരൂപങ്ങളാകാന്‍ കഴിയില്ല. ആസന്നമായ തിന്മയെ കാണുകയും കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തെ മുറിവേല്‍പ്പിക്കുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്കെതിരായ ഒരേയൊരു മരുന്നാണ്,’ കമല്‍ ഹാസന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനും മോചനത്തിനുമായി ശബ്ദമുയര്‍ത്തണമെന്നും കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന സിനിമാറ്റോഗ്രാഫ് നിയമഭേദഗതി ബില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

സിനിമാറ്റോഗ്രഫ് നിയമം 1952 ഭേദഗതി ചെയ്തുകൊണ്ടാണ് സിനിമാറ്റോഗ്രഫ് ഭേദഗതി ബില്‍ 2021 വരുന്നത്. അംഗീകാരമില്ലാതെ സിനിമകള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിനും സിനിമയുടെ വ്യാജപതിപ്പുകള്‍ ഉണ്ടാക്കുന്നതിനും പിഴ വ്യവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ട് സിനിമാമോഷണം നിയന്ത്രിക്കുകയെന്നതൊക്കെയാണ് ബില്‍ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രം പറയുന്നത്.

എന്നാല്‍ പുതിയ സിനിമാറ്റൊഗ്രാഫി ഭേദഗതി 2021 വന്നാല്‍ കേന്ദ്രസര്‍ക്കാരിന് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ ഇടപെടാനാകുമെന്നതാണ് പുതിയ ബില്ലില്‍ പ്രധാനമായും പറയുന്ന കാര്യം. നിലവില്‍ സെന്‍സര്‍ ബോര്‍ഡുകളാണ് സിനിമകളുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കിക്കൊണ്ടിരിക്കുന്നത്.

ബില്ല് നടപ്പിലായാല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ വേണ്ടിവന്നാല്‍ കേന്ദ്രസര്‍ക്കാരിന് പുനഃപരിശോധിക്കാം. കരട് ബില്ലില്‍ കേന്ദ്രം ഇപ്പോള്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ രണ്ടിനുള്ളില്‍ അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിര്‍ദേം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Can’t Be 3 Monkeys”: Kamal Haasan Joins Campaign Against New Films Law

We use cookies to give you the best possible experience. Learn more