ഇനി ആശ്വാസ പാക്കേജുകളില്ല; ബാങ്ക് ലോണ്‍ മൊറട്ടോറിയത്തില്‍ കൂടുതല്‍ ഇളവുകളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
national news
ഇനി ആശ്വാസ പാക്കേജുകളില്ല; ബാങ്ക് ലോണ്‍ മൊറട്ടോറിയത്തില്‍ കൂടുതല്‍ ഇളവുകളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th October 2020, 8:42 am

ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ബാങ്ക് ലോണ്‍ മൊറട്ടോറിയത്തിലുള്‍പ്പെടെ കൂടുതല്‍ സാമ്പത്തിക ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്രത്തിന്റെ ധനകാര്യ പദ്ധതിയില്‍ കോടതി ഇടപെടരുതെന്ന ആവശ്യത്തിലൂന്നിയാണ് കേന്ദ്രം പുതിയ സത്യാവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.

വിവിധ മേഖലകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഇളവുകള്‍ നല്‍കണമെന്ന ആവശ്യം കോടതി പരിഗണിക്കരുതെന്നും അവ കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ വിഷയങ്ങളാണെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നു.

രണ്ട് കോടി രൂപവരെയുള്ള വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ കൂട്ട് പലിശ ഒഴിവാക്കുന്നതിന് പുറമെയുള്ള സഹായ പദ്ധതികളെല്ലാം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.

ഇത് ബാങ്കിങ് മേഖലയ്ക്കും കനത്ത തിരിച്ചടിയാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമായാണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.

ഇതില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് നിലവിലെ അവസ്ഥയില്‍ രാജ്യത്തിന് ഗുണകരമാവില്ലെന്നും കേന്ദ്രം പറയുന്നു.

മൊറട്ടോറിയം കാലയളവിലെ വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു.

രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്കായിരുന്നു ഇളവുകള്‍ ബാധകം. ഇത് ബാങ്കുകള്‍ക്ക് 6 ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Can’t Add More Relief”: Centre To Top Court On Loan Moratorium Interest