[share]
[] തിരുവനന്തപുരം: സി.ബി.ഐ അന്വേഷണത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാനാവുമെന്ന് ഭൂമി തട്ടിപ്പ് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനുമായ സലീം രാജ്. ഹൈകോടതി നടപടിയെ സ്വാഗതം ചെയ്യുന്നെന്നും സലീം രാജ് പറഞ്ഞു.
സി.ബി.ഐ അന്വേഷണത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാനാവും. ഭൂമി തട്ടിപ്പുമായി എനിയ്ക്ക് യാതൊരു ബന്ധവുമില്ല. എന്റെ ടെലിഫോണ്‍ വിളികള്‍ പരിശോധിക്കരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കേസിന്റെ വിസ്താരവേളയില്‍ ഒരിക്കലും ഞാന്‍ പ്രതിയാണെന്ന് കോടതി പറഞ്ഞിട്ടില്ല- സലിം രാജ് വ്യകത്മാക്കി.
മുഖ്യമന്ത്രിയുടെ ഗണ്‍മാനായത് കൊണ്ട് രാഷ്ട്രീയ പ്രതിയോഗികളാണ് കേസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജോലിയുടെ ഭാഗമായി ഒരിക്കല്‍ പോലും അച്ചടക്ക നടപടി നേരിട്ടയാളല്ല താനെന്നും സലീം രാജ് പറഞ്ഞു. കേസില്‍ നിന്ന് മോചിതനായ ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിയ്ക്കാമെന്നും സലിം രാജ് വ്യക്തമാക്കി.
കടംകംപള്ളി, കളമശ്ശേരി എന്നിവടങ്ങളിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലാണ് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ഹാറൂണ്‍ റഷീദ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. ഭൂമി തട്ടിപ്പ് കേസുകളുടെ ഗ്യാങ് ലീഡറെന്നാണ് കോടതി സലിം രാജിനെ വിശേഷിപ്പിച്ചത്. സലീം രാജ് തന്റെ അധികാരത്തെ ദുര്‍വിനിയോഗം ചെയ്‌തെന്നും കോടതി നിരീക്ഷിച്ചു.
റവന്യൂ രേഖകള്‍ തിരുത്തി ഭൂമി തട്ടിയെടുത്തുവെന്നതാണ് കേസ്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനം ഇതിനായി സലീംരാജ് ഉപയോഗപ്പെടുത്തിയെന്നാണ് പരാതി. കളമശ്ശേരി, കടകംപള്ളി സ്വദേശികളായ ഷെറീഫ, നാസര്‍, സ്വദേശി പ്രേംചന്ദ് എന്നിവരുള്‍പ്പെടെയുള്ളവരാണ് കോടതിയില്‍ ഹരജി നല്‍കിയത്.