ന്യൂദല്‍ഹി: ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടയാളെന്ന നിലയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാമെങ്കിലും മഹാരാഷ്ട്ര മുന്‍ എ.ടി.എസ് തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെയെ ബഹുമാനിക്കാന്‍ കഴിയില്ലെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍.
കുറ്റം തെളിയിക്കാതെ തന്നെ പൊലീസിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രജ്ഞാ സിങ് ഠാക്കൂറിനെ ക്രൂരമായി പീഡിപ്പിച്ചു. ഇങ്ങനെയൊക്കെ ചെയ്തിട്ടും കര്‍ക്കരെയെ കുറിച്ച് പ്രജ്ഞാസിങ് ഠാക്കൂര്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചത് അവരുടെ മനുഷ്യത്വം കൊണ്ടാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ഹേമന്ത് കര്‍ക്കരെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചതെന്നും അദ്ദേഹത്തിന്റെ കുടുംബം അടക്കം നശിച്ചുപോകുമെന്ന് ശപിച്ചിരുന്നുവെന്നും ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സമയത്ത് പ്രജ്ഞ പറഞ്ഞിരുന്നു.
താന്‍ ശപിച്ച് പതിനഞ്ച് ദിവസത്തിനകം മഹാരാഷ്ട്ര എ.ടി.എസ്. തലവന്‍ ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെട്ടു. സഹിക്കാവുന്നതിലുമപ്പുറമുള്ള പീഡനവും മര്‍ദ്ദനവുമാണ് അയാളില്‍ നിന്നും നേരിടേണ്ടിവന്നത്. മുംബൈ ഭീകരാക്രമണത്തെ നേരിട്ടതിന് ആരാണ് അദ്ദേഹത്തിന് അശോക ചക്രം സമ്മാനിച്ചതെന്നും പ്രജ്ഞ സിങ് ചേദിച്ചിരുന്നു. എന്നാല്‍ വിവാദമായപ്പോള്‍ പ്രജ്ഞയ്ക്ക് പ്രസ്താവന തിരുത്തേണ്ടി വന്നിരുന്നു.
ഹേമന്ത് കര്‍ക്കരെയുടെ അന്വേഷണത്തിലൂടെയായിരുന്നു മലേഗാവ് സ്‌ഫോടനത്തില്‍ പ്രഗ്യാ സിങിന്റെ പങ്ക് കണ്ടെത്തിയിരുന്നത്.