| Sunday, 18th February 2024, 11:26 am

പരശുറാം ഓടുന്ന ട്രാക്കിലൂടെ നിസാമുദ്ദീന് പോകാമോ ? സിംഹങ്ങളുടെ കൂട് മാറ്റത്തില്‍ ട്രോളോട് ട്രോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അക്ബര്‍ എന്ന ആണ്‍ സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒരുമിച്ച് താമസിപ്പിക്കരുതെന്ന് കാണിച്ച് പരാതി നല്‍കിയ വിശ്വഹിന്ദു പരിഷത്തിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. വിവിധ ട്രോള്‍ ഗ്രൂപ്പുകളിലും മാധ്യമങ്ങളിലെ കാര്‍ട്ടൂണിലുമെല്ലാം ഇന്ന് നിറഞ്ഞ് നില്‍ക്കുന്നത് ഇത് സംബന്ധിച്ച ട്രോളുകളും തമാശകളുമാണ്.

നിസാമുദ്ദീന്‍ എക്‌സ്പ്രസിനും പരശുറാം എക്‌സ്പ്രസിനും ഒരേ ട്രാക്കിലൂടെ ഓടാമോ, സിന്ധു നദിക്ക് അറബിക്കടലില്‍ ചേരാമോ, അക്ബര്‍ സിംഹത്തിന് സീത സിംഹത്തില്‍ ജനിക്കുന്ന കുഞ്ഞിനെന്ത് പേരിടും തുടങ്ങി രസകരമായ കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. തമാശകള്‍ക്കപ്പുറം, ഇക്കാലത്ത് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ മുന്നോട്ട് വെക്കുന്ന വിഭജന രാഷ്ട്രീയത്തെ കുറിച്ചുള്ള ഗൗരവകരമായ കുറിപ്പുകളും ഇത് സംബന്ധിച്ച് പ്രചരിക്കുന്നുണ്ട്.

ട്രോള്‍ റിപബ്ലിക്, ഐ.സി.യു തുടങ്ങിയ ട്രോള്‍ ഗ്രൂപ്പുകളിലും ചില വ്യക്തിഗത പ്രൊഫൈലുകളിലും ഇത് സംബന്ധിച്ച് രസകരമായ ട്രോളുകളും ചില ഗൗരവകരമായ കുറിപ്പുകളും പങ്കുവെക്കപ്പെട്ടിട്ടുണ്ട്. മാധ്യമം ദിനപത്രത്തില്‍ ഇന്ന് വി.ആര്‍. രാഗേഷ് വരച്ച കാര്‍ട്ടൂണും സിംഹങ്ങളെ ഒരുമിച്ച് താമസിപ്പിക്കരുതെന്ന് കാണിച്ച് വി.എച്ച്.പി നല്‍കിയ ഹരജിയെ സംബന്ധിച്ചുള്ളതാണ്. എ.ഐ. ടൂളുകള്‍ ഉപയോഗിച്ച് നിര്‍മിച്ച രസകരമായ ചിത്രങ്ങളും ഈ ഹരജിയെ പരിഹസിച്ച് കൊണ്ട് പ്രചരിക്കുന്നുണ്ട്.

അന്യമത വിദ്വേഷം മനുഷ്യനില്‍ സൃഷ്ടിക്കുന്ന അപകടത്തിന്റെ മൂര്‍ധന്യത്തിലാണ് ഇത്തരമൊരു ആവശ്യവുമായി വി.എച്ച്.പി കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് അനൂപ് കെ.കെ. എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഒന്നും നോക്കേണ്ട അറബിക്കടല്‍ മണ്ണിട്ട് മൂടാന്‍ പുറപ്പെട്ടോളൂ എന്നും അനൂപ് ഈ ഹരജിയെ പരിഹസിക്കുന്നു. അക്ബറിന് സീതയിലുണ്ടാകുന്ന കുഞ്ഞാണ് ‘ശിങ്കം’ എന്നാണ് ആലപ്പുഴ സ്വദേശിയായ എം.രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സിന്ധു നദി അറബിക്കടലില്‍ പതിക്കുന്നത് തടയണമെന്നാവശ്യപ്പട്ടെ് അടിയന്തിരമായി ഒരു ഹരജി നല്‍കണമെന്നാണ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്നത് തടയണമെന്ന ചില കമന്റുകളുമുണ്ട്. ഈ അക്ബര്‍ സിംഹമാണ് പിന്നീട് മതം മാറി രാമസിംഹനായതെന്നും ചില ട്രോളുകളില്‍ പറയുന്നു.

തന്റെ പേര് ജിറാഫ് എന്നാണെന്നും ജാഫറാണെന്ന് പറഞ്ഞ് ഉപദ്രവിക്കരുതെന്ന് പറയുന്ന ജിറാഫും ട്രോളുകളില്‍ നിറയുന്നു. പണ്ട് ബാലരമയിലെ മൃഗാധിപത്യം വന്നാല്‍ എന്ന പക്തിയെ ഓര്‍മിക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെന്നും ചിലര്‍ പറയുന്നു.

ട്രോളുകള്‍ക്കും തമാശകള്‍ക്കും അപ്പുറം ഗൗരവകരമായ ചര്‍ച്ചകളും ഈ ഹരജിയെ സംബന്ധിച്ച് നടക്കുന്നുണ്ട്. പുതിയ കാലത്ത് കോടതിയില്‍ നിന്ന് വി.എച്ച്.പിക്ക് അനുകൂലമായ ഒരു വിധി വന്നാല്‍ പോലും ആശ്ചര്യപ്പെടാനാകില്ലെന്നും ചിലര്‍ കമന്റുകളില്‍ പറയുന്നു. കര്‍ഷക സമരത്തിന്റെ വാര്‍ത്ത പ്രാധാന്യം കുറക്കാന്‍ വേണ്ടിയാണ് ഇത്തരം ചില നീക്കങ്ങള്‍ സംഘപരിവാര്‍ കേന്ദ്രങ്ങളിള്‍ നിന്നുണ്ടാകുന്നത് എന്നും ചര്‍ച്ചകളിലുണ്ട്.

കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ രണ്ട് സിംഹങ്ങളെ ഒരുമിച്ച് താമസിപ്പിക്കരുതെന്ന് കാണിച്ച് വിശ്വഹിന്ദു പരിഷത്ത് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. അക്ബര്‍ എന്നു പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന് പേരുള്ള പെണ്‍സിംഹത്തെയും ഒരുമിച്ച് താമസിപ്പിക്കരുത് എന്നായിരുന്നു വി.എച്ച്.പി ബംഗാള്‍ ഘടകത്തിന്റെ ഹരജി. വനംവകുപ്പിന്റേത് ഹിന്ദുമതത്തെ അധിക്ഷേപിക്കുന്ന നടപടിയാണെന്നായിരുന്നു ഹരജിയിലുണ്ടായിരുന്നത്.

content highlights; Can Nizamuddin follow Parasuram’s track? Troll to troll in the lion’s den change

We use cookies to give you the best possible experience. Learn more