ന്യൂദല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയ ഇന്ത്യന്‍ ഗുസ്ത് താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്. ഒളിമ്പിക്‌സില്‍ വിനേഷ് ഫോഗട്ടിനെ പ്രകടനം മികച്ചതായിരുന്നു എന്നും എന്നാല്‍ അത് ഇഷ്ടപ്പെടാത്തവര്‍ ഉണ്ടായിരുന്നു എന്നും വിജേന്ദര്‍ സിങ് പറഞ്ഞു.
വിനേഷ് ഫോഗട്ടിന്റെ പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും എന്നാല്‍ ആ സന്തോഷം ചിലര്‍ക്ക് ദഹിച്ചിരുന്നില്ല എന്നും വിജേന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു. 2024 ലോക്‌സഭ തെരഞ്ഞടുപ്പിനോടുബന്ധിച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ബോക്‌സിങ്ങ് താരം കൂടിയാണ് വിജേന്ദര്‍ സിങ്.
‘ ഇത് ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ്. അത്‌ലറ്റുകള്‍ക്ക് ഒരു രാത്രി കൊണ്ട് അഞ്ച് മുതല്‍ ആറ് വരെ കിലോ തൂക്കം കുറക്കാനാകും. അതുകൊണ്ട് തന്നെ വിനേഷ് ഫോഗട്ടിന്റെ കാര്യത്തില്‍ 100 ഗ്രാം കുറക്കുക എന്നത് പ്രശ്‌നമുള്ള കാര്യമല്ല. 100 ഗ്രാം കുറക്കാന്‍ വിനേഷിന് അവസരം നല്‍കേണ്ടതായിരുന്നു.
ഒളിമ്പിക്‌സില്‍ വിനേഷ് ഫോഗട്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അത് അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ആ സന്തോഷം ദഹിച്ചിട്ടുണ്ടാകില്ല. വിനേഷിന്റെ നേട്ടങ്ങളില്‍ ആര്‍ക്കോ പ്രശ്‌നങ്ങളുണ്ട്. അത് കൊണ്ടാണ് പെട്ടെന്ന് തന്നെ അയോഗ്യയാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്,’ വിജേന്ദര്‍ സിങ് പറഞ്ഞു.
അതേസമയം പാരിസ് ഒളിമ്പിക്സിലെ ഫൈനലില്‍ നിന്ന് അയോഗ്യയാക്കെപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ടുകള്‍ പുറത്ത് വരുന്നുണ്ട്. നിര്‍ജലീകരണത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരീസിലെ ഒളിമ്പിക്സ് വില്ലേജിലുള്ള പോളിക്ലിനിക്കിലാണ് നിലവില്‍ വിനേഷ് ഫോഗട്ടിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
നിലവില്‍ വിനേഷ് ഫോഗട്ടും പരിശീലകരും സപ്പോര്‍ടിങ് സ്റ്റാഫുകളും ക്ലിനിക്കില്‍ തന്നെ തുടരുകയാണ്. ഭാരം കുറക്കുന്നതിനായി മുടിമുറിക്കല്‍ ഉള്‍പ്പടെ നടത്തിയിരുന്നെന്നും എന്നാല്‍ അതൊന്നും ഫലം കണ്ടില്ല എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അയോഗ്യയാക്കപ്പെട്ട വിവരം ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ വിനേഷ് ഫോഗട്ടിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ പി.ടി. ഉഷയോട് പ്രധാനമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പി.ടി. ഉഷ ആശുപത്രിയിലെത്തി വിനേഷ് ഫോഗട്ടിനെ സന്ദര്‍ശിച്ച് രാജ്യത്തിന്റെ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്
CONTENT HIGHLIGHTS: Can lose up to six kg in one night, then 100 grams: Vijender Singh says there was a conspiracy against Vinesh Phogat