കൊല്‍ക്കത്തയിലെയും കേരളത്തിലെയും തെരുവുകള്‍ മഹാശ്വേതാ ദേവി എന്ന എഴുത്തുകാരിക്ക് ഒരുപോലെയായിരുന്നു സിംഗൂരിലെയും മൂലമ്പിള്ളിയിലെയും സമരങ്ങള്‍ മഹാശ്വേതാ ദേവി എന്ന സമരനായികയ്ക്ക് ഒന്നായിരുന്നു കാരണം ഇവിടെയെല്ലാം അവര്‍ കണ്ടത് ഒരേ മനുഷ്യന്റെ വേദനകളായിരുന്നു ഒരേ മനുഷ്യന്റെ പോരാട്ടമായിരുന്നു. അടിസ്ഥാന വര്‍ഗ്ഗ സങ്കല്‍പ്പങ്ങളുടെ ഉച്ഛി മുട്ടുന്ന സാഹിത്യ സൃഷ്ടികളെക്കാള്‍ സ്വീകാര്യത ജനകീയ സമരങ്ങളിലെ മായാത്ത പ്രാധിനിധ്യത്തിനായിരുന്നു. ഇതായിരുന്നു ബംഗ്ലാദേശിലെ ധാക്കയില്‍ ജനിച്ച് ഇന്ത്യയൂടെ മൂഴുവന്‍ അശരണരുടെയും അമ്മയായി മാറിയ മഹാശ്വേതാ ദേവി എന്ന ബംഗാളി എഴുത്തുകാരി. സര്‍വ്വോപരി സാമൂഹ്യ പ്രവര്‍ത്തക. ആദിവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്താന്‍ ഇനിയീ അമ്മയില്ല. ഓര്‍ക്കാം നമുക്ക് മഹാശ്വേതാ ദേവിയെ
1926ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ സാഹിത്യ പശ്ചാത്തലമുള്ള, ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാശ്വേതാ ദേവി ബംഗാള്‍ വിഭജനത്തിനെ തുടര്‍ന്ന് പശ്ചിമബംഗളിലേക്ക് കുടിയേറുകയായിരുന്നു. പ്രതിഭ സമ്പന്നമായ കുടുംബത്തില്‍ ജനിച്ച മഹാശ്വേതാ ദേവി പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘട്ടക്കിന്റെയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു ധരിത്രി ഘട്ടക്കിന്റെയും മകളാണ്. പിതാവിന്റെ ഇളയ സഹോദരന്‍ പ്രശസ്ത ചലച്ചിത്രകാരന്‍ ഋതിക് ഘട്ടകും.
ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദവും കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് അതേ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നേടി. പ്രശസ്ത നാടകൃത്തും ഇപ്റ്റയുടെ സ്ഥാപകനുമായ ബിജോന്‍ ഭട്ടാചാര്യയെ വിവാഹം കഴിച്ചെങ്കിലും 1959ല്‍ വേര്‍പിരിഞ്ഞു. പ്രശസ്ത ബംഗാളി എഴുത്തുകാരനായ നാബുരന്‍ ഭട്ടാചാര്യയാണ് മകന്‍
1964ല്‍ അധ്യാപികയായി ദേവിയുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ബിജോയ്ഗര്‍ കോളജില്‍. അക്കാലത്തുതന്നെ അവര്‍ പത്രപ്രവര്‍ത്തനവും തുടങ്ങി. കൂടാതെ ചില സാമൂഹിക ഇടപെടലുകളും നടത്തിത്തുടങ്ങി ഇതായിരുന്നു മഹാശ്വേതാ ദേവി എന്ന സാമൂഹ്യ പ്രവര്‍ത്തകയുടെ തുടക്കം.
പിന്നീടങ്ങോട്ട് ഇന്ത്യയിലെ നാനാവിധ സ്ഥലങ്ങളിലുള്ള ആദിവാസികളുടെയും പട്ടികജാതിക്കാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മഹാശ്വേതാ ദേവി . ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ വ്യവസായിക നയങ്ങളെ തുറന്നെതിര്‍ത്ത മഹാശ്വേത, കാര്‍ഷിക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും വ്യവസായിക വികസനത്തിനെന്നപേരില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം നയിക്കുകയും ചെയ്തു. നന്ദിഗ്രാമിലെയും സിംഗൂരിലെയും സമരങ്ങളിലും മഹാശ്വേത വ്യക്തമായ നിലപാടുകളുമായി പോര്‍മുഖത്തു വന്നു.
മഹാശ്വേതാ ദേവി എന്ന എഴുത്തുകാരി ഒരു വിസ്മയമായിരുന്നു 1956 ല്‍ പൂര്‍ത്തിയാക്കിയ “ത്സാന്‍സി റാണി”യായിരുന്നു ആദ്യ കൃതി. ഹജാര്‍ ചുരാസിര്‍ മാ, ആരണ്യേര്‍ അധികാര്‍, അഗ്‌നി ഗര്‍ഭ ,ഛോട്ടി മുണ്ട ഏവം ഥാര്‍ ഥീര്‍, ബഷി ടുഡു, തിത്തു മിര്‍, ദ്രൗപതി,രുധാലി, ബ്യാധ്ഖണ്ടാ എന്നിവ പ്രധാന കൃത്രികളാണ്. രുദാലി, ഹാജര്‍ ചുരാസിര്‍ മാ എന്നിവയുള്‍പ്പെടെ അഞ്ച് കൃതികള്‍ സിനിമയാക്കിയിട്ടുണ്ട് ഇതെല്ലാമടക്കം 21 കൃതികളുണ്ട് മഹാശ്വേതാ ദേവി എന്ന എഴുത്തുകാരിയുടെ സംഭാവനയില്‍.
പുരസ്‌കാരങ്ങള്‍ ഈ മഹാപ്രതിഭയെ നിരന്തരം ആദരിച്ചുകൊണ്ടിരുന്നു 1986 രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1996 ഇന്ത്യയിലെ പരമോന്നതസാഹിത്യ ബഹുമതിയായ ജ്ഞാനപീഠത്തിന് അര്‍ഹയായി. പത്മ വിഭൂഷണ്‍, മാഗ്‌സസെ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, ബംഗാബിഭൂഷണ്‍ എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്തത്ര.
മഹാശ്വേതാ ദേവിയുടെ രാഷ്ട്രീയം എന്നും ഇടത്പക്ഷത്തോടൊപ്പമായിരുന്നെങ്കിലും ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷ സംഘടനകളോട് തുറന്ന പോരിന് ഈ വിപ്ലവകാരി തയ്യാറായിട്ടുണ്ട് ബംഗാളില്‍ ഇടത് സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായി പോരാടിയിട്ടുണ്ട് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അവര്‍ കേരളത്തിലെത്തി ടി.പിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും ഈ മനുഷ്യ സ്‌നേഹിയുണ്ടായിരുന്നു ആ രക്തത്തിന് വേണ്ടി തൂലിക ചലിപ്പിക്കാനും മഹാശ്വേതാ ദേവി തയ്യാറായി.