| Monday, 12th July 2021, 5:33 pm

തെലങ്കാനയില്‍ കിറ്റെക്‌സ് ഫാക്ടറി ആരംഭിക്കാന്‍ പോകുന്നത് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പാര്‍ക്കില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ കിറ്റെക്‌സ് ഫാക്ടറി ആരംഭിക്കാന്‍ പോകുന്നത് മൂന്ന് വര്‍ഷമായി ആരംഭിക്കാനാകാത്ത കകാതിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ (കെ.എം.ടി.പി.). സംഗം മണ്ഡലില്‍ കെ.എം.ടി.പി. ആരംഭിക്കാനാകുമോ എന്ന് സംശയം നിലനില്‍ക്കവേയാണ് ഇവിടേക്ക് കിറ്റെക്‌സ് എത്തുന്നത്.

1,552 കോടി രൂപ ചെലവില്‍ കെ.എം.ടി.പി. വികസിപ്പിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും, മൂന്ന് വര്‍ഷത്തിലേറെയായിട്ടും പദ്ധതി തുടങ്ങിയിട്ടില്ല.

തെലങ്കാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ (ടി.എസ്.ഐ.സി.) പാര്‍ക്കിനായി 1,200 ഏക്കര്‍ ഏറ്റെടുത്ത ശേഷം, കൊറിയന്‍ ടെക്‌സ്‌റ്റൈല്‍സ് പ്രമുഖ യംഗോണ്‍ കോര്‍പ്പറേഷന്‍ പോലുള്ള ചില മുന്‍നിര കമ്പനികള്‍ പാര്‍ക്കില്‍ തങ്ങളുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ മുന്നോട്ട് വന്നിരുന്നു.

പോളിസ്റ്റര്‍ സ്റ്റേപ്പിള്‍ ഫൈബര്‍ നിര്‍മാതാക്കളായ ഗണേശ ഇക്കോപെറ്റ് പ്രൈവറ്റ് ലിമിറ്റഡ് 50 ഏക്കറില്‍ 500 കോടി രൂപ നിക്ഷേപിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇവയുടെ നിലവിലെ പുരോഗതിയെക്കുറിച്ച് വിവരമൊന്നുമില്ല.

പാര്‍ക്കിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും ബജറ്റില്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് 1000 കോടി രൂപ നിക്ഷേപിക്കാമെന്ന കിറ്റെക്‌സ് ഗ്രൂപ്പിന്റെ പ്രഖ്യാപനം.

കേരളത്തില്‍ അനാവാശ്യ പരിശോധനകള്‍ നടത്തുന്നെന്നാരോപിച്ചാണ് കിറ്റെക്‌സ് തെലങ്കാനയില്‍ വലിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. തെലങ്കാനയില്‍ 1000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കിറ്റെക്സ് ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. ഒരുമാസത്തിനുള്ളില്‍ പദ്ധതി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം കിറ്റെക്‌സ് എം.ഡി. സാബു ജേക്കബ് പറഞ്ഞിരുന്നു.

ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെലങ്കാനയില്‍ മികച്ച അവസരങ്ങളാണുള്ളത്. കേരളത്തില്‍ ഒരു രൂപ പോലും മുടക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Can Kitex change the fate of KMTP

Latest Stories

We use cookies to give you the best possible experience. Learn more