|

2016ലെ കോഹ്‌ലിയാണ് 2022ലെ ബട്‌ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കുട്ടിക്രിക്കറ്റിന്റെ ആവേശം വാനോളമുയര്‍ത്തി ഐ.പി.എല്‍ 2022 തുടരുകയാണ്. മികച്ച സ്‌കോറുകളും റണ്‍ ചെയ്‌സുകളും വാനം മുട്ടുന്ന കൂറ്റനടികളും സ്റ്റംപ് എറിഞ്ഞുടയ്ക്കുന്ന യോര്‍ക്കറുകളുമായി താരങ്ങളും ടീമുകളും കുട്ടിക്രിക്കറ്റിന്റെ മാമാങ്കം ആഘോഷമാക്കുകയാണ്.

കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പിനും ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പിനും മത്സരമേറിവരികയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലറാണ് നിലവില്‍ ഓറഞ്ച് ക്യാപ്പിന്റെ ഉടമ. സഹതാരം യൂസ്വേന്ദ്ര ചഹലാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമത്.

10 മത്സരത്തില്‍ നിന്നും 588 റണ്‍സ് നേടിയാണ് ജോസ് ബട്‌ലര്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായി തുടരുന്നത്. സെഞ്ച്വറികളുടെ കാര്യത്തിലായാലും ഏറ്റവുമധികം ബൗണ്ടറികളുടെ കാര്യത്തിലായാലും സിക്‌സറുകളും എണ്ണത്തിലായാലും ഒന്നാമന്‍ ബട്‌ലര്‍ തന്നെ.

ഇതുവരെ മൂന്ന് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയുമാണ് ബട്‌ലര്‍ നേടിയത്. ഇവയ്ക്ക് പുറമെ 50 ബൗണ്ടറിയും 36 സിക്‌സറും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു.

ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് 2016ല്‍ വിരാട് കോഹ്‌ലി സ്ഥാപിച്ച റെക്കോഡ് തകര്‍ക്കാന്‍ ബട്‌ലറിനാവുമോ എന്നതാണ്. ഒരു സീസണിസല്‍ ഏറ്റവുമധികം റണ്‍സ് നേടിയതിന്റെ റെക്കോഡ് ആര്‍.സി.ബിയുടെ നായകനായ (അന്നത്തെ) വിരാട് കോഹ്‌ലിയുടെ പേരിലാണ്. 16 മത്സരത്തില്‍ നിന്നും 973 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്.

നാല് സെഞ്ച്വറിയും ഏഴ് അരസെഞ്ച്വറിയുമടക്കമായിരുന്നു വിരാടിന്റെ സ്വപ്‌നനേട്ടം. 2016 സീസണില്‍ രണ്ടാമതുണ്ടായിരുന്നു ഡേവിഡ് വാര്‍ണറിന് 848 റണ്‍സായിരുന്നു നേടാനായത്, അതായത് 125 റണ്‍സ് കുറവ്.

2022 സീസണില്‍ ബട്‌ലറിന്റെ 10 മാച്ച് കഴിയുമ്പോള്‍, 2016ല്‍ വിരാട് 10 മത്സരത്തില്‍ നിന്നും സ്വന്തമാക്കിയതിനേക്കാള്‍ 10 റണ്‍സ് മാത്രമാണ് കുറവുള്ളത്.

അന്ന് വിരാട് 10 മത്സരത്തില്‍ നിന്നുമായി 568 റണ്‍സ് നേടിയപ്പോള്‍, ഇന്ന് ബട്‌ലര്‍ 10 മത്സരത്തിന് ശേഷം 558 റണ്‍സാണ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. 406 റണ്‍സ് കൂടി ബട്‌ലറിന് ഈ സീസണില്‍ സ്വന്തമാക്കാനായാല്‍ വിരാടിന്റെ റെക്കോഡ് ഇനി ബട്‌ലറിന്റെ പേരിലാവും.

ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങളാണ് രാജസ്ഥാന് ഇനി ബാക്കിയുള്ളത്.

കഴിഞ്ഞ മത്സരങ്ങളിലായി ബട്‌ലറിന് തന്റെ സ്‌ഫോടനാത്മകമായ ഇന്നിംഗ്‌സ് പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ബട്‌ലര്‍ തിളങ്ങാതെ പോയതോടെ രാജസ്ഥാന്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുകയും ചെയ്തിരുന്നു.

ബട്‌ലര്‍ തന്റെ പഴയ ഫോം കണ്ടെത്തിയാല്‍ വിരാടിന്റെ റെക്കോഡ് എളുപ്പം തകര്‍ക്കാനാവുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.

Content Highlight: Can Jose Butler to match Kohli’s record of Most Runs in a season?