| Sunday, 21st June 2020, 10:47 pm

കേന്ദ്രത്തിന്റെ ബോയ്‌ക്കോട്ട് ചൈന നീക്കം ബാധിക്കുന്നത് ഇന്ത്യയെത്തന്നെയോ?

രോഷ്‌നി രാജന്‍.എ

ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ക്ക് പുറമെ ചൈന സംബന്ധമായ മറ്റ് പല തീരുമാനങ്ങളിലേക്കും കേന്ദ്രം കടന്നിരിക്കുകയാണ്. ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കുന്നതും ഇന്ത്യന്‍ ഉത്പന്നങ്ങളില്‍ ആത്മനിര്‍ഭര്‍ ചിഹ്നം ഉപയോഗിക്കാന്‍ പോവുന്നതുമെല്ലാം കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങളില്‍ പെടും.

ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി കുറക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം തന്നെ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ രാജ്യത്തിനകത്ത് തന്നെ നിര്‍മിച്ചതാണെന്ന് അറിയിക്കാന്‍ ആത്മനിര്‍ഭര്‍ ചിഹ്നം സാധനങ്ങളില്‍ പതിപ്പിക്കണമെന്ന നിയമഭേദഗതി കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്രമെന്ന വാദങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് വേണ്ടി പരസ്യം ചെയ്യരുതെന്ന് സിനിമാ കായിക താരങ്ങളോട് വ്യാപാരി സംഘടനകള്‍ അഭ്യര്‍ത്ഥിക്കുന്നുമുണ്ട്.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 300 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രം എടുത്തുവെന്നാണ് അറിയാന്‍ കഴിയുന്നത്. സര്‍ക്കാര്‍ കരാറുകളില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കാന്‍ കഴിഞ്ഞ ദിവസം റയില്‍വേ തീരുമാനിച്ചത് കേന്ദ്രത്തിന്റെ അതിവേഗനീക്കത്തെ വെളിപ്പെടുത്തുന്നതായിരുന്നു.

എന്നാല്‍ ഇന്ത്യ ഇപ്പോള്‍ കൈകൊണ്ടുപോരുന്ന നടപടികള്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെത്തന്നെയാണ് താറുമാറാക്കുകയെന്ന വിമര്‍ശനങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ചൈനയുടെ മൊത്തം കയറ്റുമതിയുടെ 2ശതമാനം മാത്രമാണ് ഇന്ത്യയിലേക്ക് അയക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ കയറ്റുമതിയുടെ 8 ശതമാനവും ചൈനയിലേക്കാണ്. ഇന്ത്യ ചൈനയിലേക്ക് കയറ്റി അയക്കുന്നത് 1675 കോടി ഡോളര്‍ വിലവരുന്ന സാധനങ്ങളാണ്. ഇന്ത്യയുടെ സാമ്പത്തികരംഗത്ത് വലിയ രീതിയില്‍ മുതല്‍ക്കൂട്ടാവുന്ന കയറ്റുമതിയെ ബാധിക്കുന്ന രീതിയിലുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യന്‍  സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കുമെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.

മാത്രവുമല്ല ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ഇന്ത്യക്ക് ചൈനയുമായി 11 ശതമാനത്തിലധികം വ്യാപാരപങ്കാളിത്തം ആവശ്യമാണെങ്കില്‍ ചൈന 10 ശതമാനം വ്യാപാരപങ്കാളിത്തം മാത്രമേ ഇന്ത്യയുമായി ആവശ്യപ്പെടുന്നുള്ളൂ. 2003നും 2020 നും ഇടക്ക് 225 ചൈനീസ് കമ്പനികളാണ് ഇന്ത്യയില്‍ പുതിയ നിക്ഷേപകരായി എത്തിയത്. ഓരോ വര്‍ഷവും എട്ട് ലക്ഷത്തോളം ഇന്ത്യക്കാരാണ് ചൈന സന്ദര്‍ശിക്കുന്നത്. അതേസമയം വര്‍ഷത്തില്‍ 2.5 ലക്ഷം ചൈനക്കാര്‍ മാത്രമാണ് ഇന്ത്യയില്‍ എത്തുന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് ബോയ്‌ക്കോട്ട് ചൈന നയം ചൈനയേക്കാള്‍ ബാധിക്കുക ഇന്ത്യയെയാരിക്കും എന്ന യഥാര്‍ത്ഥ്യം തന്നെയാണ്.

നിലവില്‍ തകര്‍ച്ചയുടെ വക്കിലാണ് ഇന്ത്യന്‍ സമ്പദവ്യവസ്ഥയുള്ളതെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബോയ്‌ക്കോട്ട് ചൈന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയില്‍ ബാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വിലക്കുറവ് കൊണ്ടും എളുപ്പത്തില്‍ ലഭ്യമാവുന്നതിനാലും ചൈനീസ് ഉല്‍പ്പന്നങ്ങളെ തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചും ബോയ്‌ക്കോട്ട് ചൈന വലിയ ആശങ്കകള്‍ സൃഷ്ടിക്കുമെന്ന ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളേക്കാള്‍ വില കുറവാണെന്ന ഘടകമാണ് ആളുകളെ ആകര്‍ഷിച്ചുപോരുന്നത്. ഉദാഹരണത്തിന് കൊറിയയില്‍ നിര്‍മിച്ച സാംസങ്ങ് ഫോണിനെയും തായ്‌വാനില്‍ നിന്നുള്ള എച്ച്.ടി.സിയെയും ജപ്പാന്റെ സോണിയെയും അപേക്ഷിച്ച് വില കുറവായിരിക്കും ചൈനീസ് നിര്‍മിതമായ ഒരു ഓപ്പോ ഫോണിനെന്ന ഭാഷ്യം പലരും ഉയര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ നിരവധി ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിച്ച് കഴിയുന്ന ഇന്ത്യന്‍ ജനതക്ക് ബോയ്‌ക്കോട്ട് ചൈന നയം ഗ്രഹിക്കില്ലെന്നാണ് സാമ്പത്തികവിദഗ്ദരും അഭിപ്രായപ്പെടുന്നത്.

കളിക്കോപ്പുകള്‍, ഗൃഹോപകരണങ്ങള്‍, വളം, മൊബൈലുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, എന്നിങ്ങനെ ഇന്ത്യയില്‍ പ്രാദേശിക നിര്‍മാതാക്കളുമായി മത്സരിച്ചാണ് ചൈനീസ് സാധനങ്ങള്‍ എത്തുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ തന്നെ പല മന്ത്രാലയങ്ങളും ചൈനീസ് കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാറിന്റെ ഇപ്പോഴുള്ള തീരുമാനം ഭാവിയില്‍ ചൈനീസ് കമ്പനികളെ കരാറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുക എന്നതാണ്. ആഗോള കരാറുകള്‍ വരുമ്പോള്‍ ഇങ്ങനെ വിലക്കാന്‍ കഴിയുമോ എന്ന നിയമവശങ്ങള്‍ പഠിക്കാന്‍ കേന്ദ്രനിയമ മന്ത്രാലയത്തോട് കേന്ദ്രം ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കുകയുമാണ്. ഇ കൊമേഴ്‌സ് കമ്പനികള്‍ വില്‍ക്കുന്ന എല്ലാ സാധനങ്ങളും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നു രേഖപ്പെടുത്തണം എന്നും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതു ചെയ്യാത്തവര്‍ക്ക് പിഴ ചുമത്തുന്ന വ്യവസ്ഥ കൊണ്ടുവരാനും കേന്ദ്രം തയ്യാറെടുക്കുകയാണ്.

എന്നാല്‍ ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ പ്രകാരം ഇന്ത്യക്ക് ഏകപക്ഷീയമായി ചൈനയുടെ എല്ലാ സാധനങ്ങളെയും തടയാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറ്റൊന്ന് വിലക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയാലും ചൈനക്ക് ആസിയാന്‍ രാഷ്ട്രങ്ങള്‍ വഴി സാധനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാനാകും. ആസിയാന്‍ രാഷ്ട്രങ്ങളുമായി ഇന്ത്യക്ക് സ്വതന്ത്രവ്യാപാരമാണുള്ളത് എന്നതിനാലാണത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.