65ാം കാന്‍ ചിലചിത്രോത്സവം: മികച്ച ചിത്രം ഹനേക്കയുടെ 'ലവ്'
Movie Day
65ാം കാന്‍ ചിലചിത്രോത്സവം: മികച്ച ചിത്രം ഹനേക്കയുടെ 'ലവ്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th May 2012, 7:25 am

കാന്‍ ചലചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരം മൈക്കല്‍ ഹനേക്കയുടെ ലവ് കരസ്ഥമാക്കി. രണ്ടാം തവണയാണ് ഹനേക്കയെ തേടി കാന്‍ പുരസ്‌കാരം എത്തുന്നത്. 2009 ല്‍ പുറത്തിറങ്ങിയ വൈറ്റ് റിബ്ബണ്‍ എന്ന ചിത്രത്തിനാണ് ഹനേക്കയ്ക്ക് ഇതിന് മുമ്പ് പുരസ്‌കാരം ലഭിച്ചത്.

80 വയസ്സ് പിന്നിട്ട വൃദ്ധ ദമ്പതികളുടെ തീവ്രപ്രണയത്തിന്റെ കഥയാണ് ലവ് പറയുന്നത്. മത്സര വിഭാഗത്തിലെ 21 ചിത്രങ്ങളെ പിന്തള്ളിയാണ് ലവ് മികച്ച ചിത്രമായത്. 2005 ല്‍ മികച്ച സംവിധായകനുള്ള അവാര്‍ഡും ഹനേക്കയ്ക്ക് ലഭിച്ചിരുന്നു.

മികച്ച സംവിധായകനുള്ള പുരസ്‌കാരം മെക്‌സിക്കോയുടെ കാര്‍ലോസ് റെയ്ഗാഡാസിന് ലഭിച്ചു. ദി ഹണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാനിഷ് നടന്‍ മാഡ്‌സ് മിക്കല്‍സണ്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. കൃസ്റ്റീന ഫട്ടറും കൊസ്മിന സ്ട്രാനുമാണ് മികച്ച നടിമാര്‍. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ബിയോണ്ട് ദി ഹില്‍സിന്റെ തിരക്കഥാ രചയിതാവായ ക്രിസ്റ്റീന്‍ മുന്‍ഗിയും നേടി.

ഗ്രാന്റ് പ്രീ പുരസ്‌കാരം ഇറ്റാലിയന്‍ സംവിധായകന്‍ മറ്റാവൊ ഗാറോണിന്റെ റിയാലിറ്റിയും സ്‌പെഷല്‍ ജൂറി പുരസ്‌കാരം കെന്‍ലോച്ച്‌സിന്റെ ദി എയ്ഞ്ചല്‍സ് ഷെയറും നേടി.