ന്യൂദല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഒരു മാസത്തിനകം സംസ്ഥാനത്തെ ലഹരി ഉപഭോഗം കുറയ്ക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അകാലിദള്‍ സര്‍ക്കാര്‍ ലഹരി വ്യവസായത്തെ സംരക്ഷിക്കുകയാണെന്നും പഞ്ചാബില്‍ നീതിയും നിയമങ്ങളും ലംഘിക്കപ്പെടുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
പോലീസിനെ കൃത്യമായി ജോലി ചെയ്യാന്‍ അനുവദിക്കുകയാണെങ്കില്‍ നാലാഴ്ച കൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും രാഹുല്‍ പറഞ്ഞു. സുഗമമായി വ്യവസായം ചെയ്യാമെന്നാണ് മോദി പറയുന്നത്. ലഹരി വ്യവസായമാണ് പഞ്ചാബില്‍ ഏറ്റവും സുഗമമായി ചെയ്യാന്‍ കഴിയുന്ന വ്യവസായമെന്നും രാഹുല്‍ പറഞ്ഞു.
സത്യം അംഗീകരിക്കാന്‍ മടിയുള്ളത് കൊണ്ടാണ് “ഉഡ്താ പഞ്ചാബ്” സിനിമ സെന്‍സര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കാലത്തും മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിട്ടുണ്ടെന്ന് ആപ് നേതാവ് ഭഗ്‌വത് മന്‍ പറഞ്ഞു.