കൊല്‍ക്കത്ത: ഭിന്നശേഷിക്കാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ യുവാവിനെ ശകാരിച്ച് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രീയോ. പശ്ചിമബംഗാളിലെ അനസോളിലായിരുന്നു സംഭവം.
പരിപാടിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ സദസിലിരുന്ന ഭിന്നശേഷിക്കാരായ യുവാവ് സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു മന്ത്രിയുടെ ശകാരം. നിന്റെ കാല്‍ തല്ലിയൊടിക്കുമെന്നും എന്നിട്ട് ഒരു ഊന്നുവടി കൂടി തരുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു മന്ത്രി രോഷാകുലനായത്. തന്റെ സംസാരത്തിനിടെ സദസില്‍ നിന്നും ചിലര്‍ സംസാരിച്ചത് മന്ത്രിക്ക് പിടിച്ചില്ല. തുടര്‍ന്നായിരുന്നു മന്ത്രിയുടെ ശകാരം.
“”എന്താണ് നിങ്ങള്‍ക്ക്, എന്തെങ്കിലും പ്രശ്‌നം ഉണ്ടോ? നിങ്ങളുടെ കാല് ഞാന്‍ തല്ലിയൊടിക്കും. എന്നിട്ട് ഒരു ഊന്ന് വടിയും തരും””- മന്ത്രി പറഞ്ഞു. താന്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് മാറി സുരക്ഷാ ഉദ്യോഗസ്ഥരുടെ സമീപമെത്തി ഇക്കാര്യം മന്ത്രി ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.
ഇതാദ്യമല്ല പൊതുപരിപാടിക്കിടെ മന്ത്രിയുടെ ഇത്തരത്തിലുള്ള പെരുമാറ്റം വരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ അനസോളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ നടന്ന വര്‍ഗീയ കലാപത്തിന് പിന്നാലെ സ്ഥലത്തെത്തിയ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച ആളുകള്‍ക്കെതിരെയും മന്ത്രി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ മുദ്രാവാക്യം വിളിച്ചവരുടെ തൊലിയുരിക്കുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ അന്നത്തെ പ്രസ്താവന.