| Wednesday, 31st January 2024, 6:19 pm

വോട്ടിങ് മെഷീൻ നിർമിക്കുന്ന ഭാരത് ഇലക്‌ട്രോണിക്സ് നിയന്ത്രിക്കുന്നത് ബി.ജെ.പി നേതാക്കൾ: മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വോട്ടിങ് മെഷീൻ നിർമിക്കുന്ന ഭാരത് ഇലക്‌ട്രോണിക്സ് നിയന്ത്രിക്കുന്നത് ബി.ജെ.പി നേതാക്കളെന്ന് മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി ഇ.എ.എസ് ശർമ.

ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ഭാരതീയ ജനതാ പാർട്ടിയുടെ നേതാക്കളെ ഭാരത് ഇലക്‌ട്രോണിക്സ് നിയന്ത്രിക്കുന്ന ബോർഡിൽ നിന്ന് പിൻവലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇ.എ.എസ് ശർമ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളോട് പങ്കുവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബി.ജെ.പി നേതാക്കൾ ഭാരത് ഇലക്ട്രോണിക്സിന്റെ നടത്തിപ്പിൽ ഇടപെടുന്നുണ്ട്. ഇ.വി.എമ്മുകളുടെ കാതലായ ചിപ്പുകളില്‍ ഉള്‍ച്ചേര്‍ത്ത രഹസ്യ കോഡിന്റെ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനത്തിന്റെ
നേതൃത്യം ഒരു രാഷ്ട്രീയ പാർട്ടി വഹിക്കുന്നു എന്നത് സംശയം ജനിപ്പിക്കുന്നു,’മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനും ഇ.സി.ഐയിലെ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും അയച്ച കത്തിൽ ശർമ പറയുന്നു.

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൻ്റെ (BEL) ബോർഡിൽ കുറഞ്ഞത് നാല് ബി.ജെ.പി നോമിനികളെങ്കിലും സ്വതന്ത്ര ഡയറക്ടർമാരായി നാമനിർദ്ദേശം ചെയ്യപ്പെട്ടത് എങ്ങനെയെന്ന് അദ്ദേഹം ചോദിക്കുന്നു. നേരത്തെ ഈ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ദയിൽപ്പെടുത്തിയെങ്കിലും അവഗണിക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിക്കുന്നു.

കമ്പനിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒരു സ്വതന്ത്ര ഡയറക്ടർ നിർണായക പങ്ക് വഹിക്കണമെന്നാണ് കമ്പനി നിയമം അനുശാസിക്കുന്നത്. എന്നാൽ ബി.ജെ.പിയുടെ ഒരു പ്രധാന ഭാരവാഹിയെ ബി.ഇ.എലിന്റെ ബോർഡിലേക്ക് സ്വതന്ത്ര ഡയറക്ടറായി നാമനിർദ്ദേശം ചെയ്തത് പ്രതിഷേധാർഹമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറിച്ച് നിരവധി വിമർശനങ്ങൾ ഉയരുന്നതിനിടെ കത്ത് വിവാദമാവുകയാണ്.

Content Highlight: Can BJP’s Office-bearers Run the Affairs of Bharat Electronics, which Makes EVMs, Asks EAS Sarma

We use cookies to give you the best possible experience. Learn more