| Friday, 6th November 2020, 11:39 am

കൊറോണയെ നമ്മള്‍ അതിജീവിക്കും; എന്നാല്‍ മറ്റൊരു മഹാമാരിക്ക് ഒരുങ്ങിക്കോളൂ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: നിര്‍ണായക പ്രഖ്യാപനങ്ങളും സന്ദേശവുമായി ലോകാരോഗ്യ സംഘടനയുടെ 73ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി. വെര്‍ച്ച്വലായി നടന്ന പരിപാടിയില്‍ കൊവിഡ് മഹാമാരിക്ക് ലോകം ശാസ്ത്രം കൊണ്ട് പരിഹാരം കാണുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

എന്നാല്‍ മറ്റൊരു മഹാമാരിയെ നേരിടുന്നതിന് ലോകം തയ്യാറാകണമെന്ന മുന്നറിയിപ്പും വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് നല്‍കി.

കൊവിഡ് 19 പോലെയുള്ള മഹാമാരികളെ നേരിടുന്നതിനും ആരോഗ്യ അടിയന്തിരാസ്ഥയ്ക്ക് തയ്യാറെടുക്കുന്നതിനും പുതിയ പദ്ധതികള്‍ കൊണ്ടുവരുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

കൊവിഡ് 19 പോലുള്ള മഹാമാരികളെ നേരിടാന്‍ ലോകമെപ്പോഴും തയ്യാറായിരിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ സുസ്ഥിരതയ്ക്കുള്ള അടിസ്ഥാനം ആരോഗ്യമാണെന്ന തിരിച്ചറിവാണ് കൊവിഡ് മഹാമാരി നല്‍കിയത്.

കൊവിഡ് പോയാലും ഈ തിരിച്ചറിവില്‍ നിന്ന് ലോക രാഷ്ട്രങ്ങള്‍ പിന്നോട്ടടിക്കരുതെന്നും ഇപ്പോള്‍ ആരോഗ്യ മേഖലയ്ക്ക് നല്‍കുന്ന എല്ലാ ശ്രദ്ധയും തുടര്‍ന്നുമുണ്ടാകണമെന്നും ലോകാരോഗ്യ സംഘടന സമ്മേളനത്തില്‍ പറഞ്ഞു.

ലോകത്ത് ആദ്യമായി ഒരു മഹാമാരിക്കെതിരെ പോരാടാന്‍ അന്തരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട ഐക്യത്തിനാണ് കൊവിഡ് സാക്ഷ്യം വഹിച്ചത്. വാക്‌സിന്‍ വികസനത്തിനായുള്ള ശ്രമങ്ങളെയും ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു.

ലോകത്ത് ഇതിനോടകം 47 മില്ല്യണ്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1.2 മില്ല്യണ്‍ ആളുകള്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Can beat coronavirus, must prepare for next pandemic now: WHO

We use cookies to give you the best possible experience. Learn more