കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരിക രംഗവും പു.ക.സ യും മഹാകവി അക്കിത്തത്തെ നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന നിരീക്ഷണത്തില്‍ താഹ മാടായി ഡൂള്‍ ന്യൂസില്‍ എഴുതിയ ലേഖനത്തിന് കെ.ഇ.എന്‍ മറുപടി എഴുതുന്നു
പു.ക.സ അക്കിത്തത്തെ നഷ്ടപ്പെടുത്തുകയല്ല, അക്കിത്തം പു.ക.സയെ നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. പ്രത്യക്ഷത്തില്‍ തപസ്യയുടെ നേതൃത്വമായി പില്‍ക്കാലത്ത് മാറിയ ഒരു സാംസ്‌കാരിക പ്രതിഭയെ പു.ക.സക്ക് ഒരു വിധേനയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അങ്ങനെ ഉള്‍ക്കൊള്ളാന്‍ തുടങ്ങിയാല്‍ പിന്നെ പു.ക.സ എന്ത് പു.ക.സ. എന്നാല്‍ കവിയായ, കവിതയായി മാറിയ അക്കിത്തത്തെ താഹ മാടായി പറയുന്നത് പോലെ പു.ക.സ കാണാതിരുന്നിട്ടില്ല.
ഓരോരോ സാഹിത്യകൃതികളെക്കുറിച്ചും പ്രത്യേകം പ്രത്യേകമായി പുരോഗമനപരം, പ്രതിലോമകരം എന്ന് വിധിതീര്‍പ്പ് കല്‍പ്പിക്കുന്ന സംഘനടയല്ല പു.ക.സ. ഓരോരുത്തര്‍ക്കും ഏത് കൃതിയെക്കുറിച്ചും സ്വന്തം വായനയില്‍ ബോധ്യമാവുന്ന, അനുഭവപ്പെടുന്ന എന്തും പറയാനുള്ള അവകാശത്തെയാണ്, ആ അര്‍ത്ഥത്തില്‍ വായനയിലെയും എഴുത്തിലെയും ജനാധിപത്യത്തെയാണ് പു.ക.സ ഉയര്‍ത്തിപ്പിടിക്കുന്നത്.
അക്കിത്തം
ഏതെങ്കിലും കൃതിയെക്കുറിച്ച് എല്ലാവരും എന്നും ഒരേ കാഴ്ചപ്പാട് പുലര്‍ത്തണമെന്ന് സംഘടന ഒരിക്കലും നിര്‍ദേശിക്കാറില്ല. സംഘടനാ ഭാരവാഹികള്‍ തന്നെയായ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരുടെ കൃതികളെക്കുറിച്ച് പു.ക.സയില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക വിമര്‍ശകര്‍ തന്നെ വ്യത്യസ്തവും വിരുദ്ധവുമായ അഭിപ്രായം പുലര്‍ത്തുകയും തീക്ഷ്ണമായ സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും തുടരുന്നുണ്ട്.
ഒരു സര്‍ഗപ്രതിഭയെ ഒരിക്കല്‍ വിമര്‍ശിച്ചതുകൊണ്ട് എന്നും അങ്ങനെ തന്നെ വിമര്‍ശിച്ചുകൊണ്ടിരിക്കണമെന്ന് കരുതുന്നത് മാറി വരുന്ന വസ്തുനിഷ്ഠ അവസ്ഥകളെ കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ്. മഹാത്മാ ഗാന്ധി പലതരത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ ഭീതിതമായ ഫാസിസ്റ്റ് അവസ്ഥയോടുള്ള പ്രതികരണമായി മഹാത്മാ ഗാന്ധിയെ പുതിയ വിധത്തില്‍ വായിക്കുന്നതിന് അതൊരു തടസ്സമാവേണ്ടതില്ല. അതിനര്‍ത്ഥം പഴയ വിമര്‍ശനമാകേ കാലഹരണപ്പെട്ടു എന്നല്ല. മറിച്ച് പുതിയ കാലഘട്ടത്തില്‍ മുന്‍ഗണനകളിലും ഊന്നലുകളിലും വന്ന മാറ്റം അനിവാര്യമാണ് എന്നാണ്.
കെ.ഇ.എന്‍
അക്കിത്തമടക്കം ഏതൊരു കവിയെയും വ്യത്യസ്തമായി വായിക്കുന്നത് കവിനിന്ദയല്ല, കാവ്യ വിമര്‍ശനത്തിന്റെ വിസ്തൃതവഴി വികസിപ്പിച്ചൊരു ജനാധിപത്യ നിലപാടാണ്. താഹ തന്നെ പറയുന്നതു പോലെ ബാബരിയാനന്തര ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അക്കിത്തത്തിന്റെ പല കവിതകളും അദ്ദേഹം നേതൃത്വം നല്‍കുന്ന തപസ്യയുടെ കാഴ്ചപ്പാടുകള്‍ക്ക് എതിരാണ്.
സംഘപരിവാര്‍ പ്രോത്സാഹിപ്പിക്കുന്ന ആള്‍ക്കൂട്ടം ഇന്ത്യയില്‍ വീഴ്ത്തിയ ചോരയല്ല, അക്കിത്തത്തിന്റെ കവിതയിലെ തിളങ്ങുന്ന ആ കണ്ണുനീര്‍ത്തുള്ളിയെയാണ് ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്നത്. ഞാന്‍ സംസാരിക്കുകയും സ്വപ്നം കാണുകയും സംഘര്‍ഷപ്പെടുകയും പ്രക്ഷോഭം നടത്തുകയും സ്‌നേഹിക്കുകയും സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന എന്റെ കൂടി സ്വത്വമായ മലയാള ഭാഷക്ക് ഇത്രമേല്‍ മനോഹാരിതയും മാസ്മരികതയും സൂക്ഷ്മതയും സര്‍ഗാത്മകതയും അഗാധ വിനയവും സ്വന്തം കവിതകളിലൂടെ നല്‍കിയ മഹാകവി അക്കിത്തത്തെ എന്നും ഞാനടക്കമുള്ളവര്‍ സംവാദാത്മകമായി ആദരിക്കും. എന്നാല്‍ അത് സംഘപരിവാറിനെ പിന്തുണച്ച ഒരു പ്രതിഭാശാലിയെ തള്ളിക്കളയുന്നതിനെ തടയാനുള്ള ഒരു ന്യായമേ അല്ല.
താഹ മാടായി
സംവാദത്തില്‍ ആരോടൊപ്പവും പങ്കെടുക്കുന്നതുപോലെ നിഷ്‌കളങ്കമാണ് സംവാദങ്ങളേ തന്നെ അസാധ്യമാക്കുന്ന ഫാസിസ്റ്റ് ആശയത്തിന്റെ നേതൃത്വമാകുന്നതെന്ന് എങ്ങനെ കരുതാനാകും.
എ.അയ്യപ്പനുമായുള്ള അഭിമുഖത്തിന്റെ ഭാഗമായാണല്ലോ താഹയുടെ സാംസ്‌കാരിക അന്വേഷണം. അതിലാണ് പു.ക.സയും അക്കിത്തവും കടന്നുവന്നത്. അതിനാല്‍ അയ്യപ്പനില്‍ തന്നെ ഇത് അവസാനിപ്പിക്കുന്നു.
‘ഒരു ഫാസിസ്റ്റിന്റെ മുറ്റത്ത്
കള്ളിമുള്‍ച്ചെടികള്‍ വളര്‍ത്താറില്ല
എന്തെന്നാല്‍
ഉള്ളില്‍ നിന്നും
ഒരിക്കലും അയാള്‍ക്ക് അത്
പറിച്ചെടുക്കാന്‍ കഴിയില്ല’ (ഒരു മാംസഭുക്കിന്റെ ദിനാന്തം)
‘എന്റെയല്ലെന്റെയല്ലീ ഈ കൊമ്പനാനകള്‍, എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ’ എന്ന അക്കിത്തത്തിന്റെ അഗാധ വിനയത്തിന്റെ താഴ്‌വരക്ക് സര്‍വ്വവും ഞങ്ങളുടേതാണെന്ന ഫാസിസ്റ്റ് അഹന്തയുടെ കൊടുമുടിയെ എങ്ങനെ തൊടാന്‍ കഴിഞ്ഞു എന്നുള്ളത് മനുഷ്യസംസ്‌കാരത്തെ തോല്‍പ്പിക്കുന്ന ഒരു ചോദ്യമായി ഭാവിയിലും തുടരും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക