| Friday, 28th February 2020, 12:25 pm

കലാലയങ്ങളിലെ വിദ്യാര്‍ത്ഥിസമരങ്ങളുടെ നിരോധനം; ഹൈക്കോടതി നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് എസ്.എഫ്.ഐയും കെ.എസ്.യുവും

കവിത രേണുക

കൊച്ചി: കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേരള ഹൈക്കോടതി. സമരങ്ങള്‍ മൂലം കലാലയങ്ങള്‍ പ്രവര്‍ത്തനം തടസ്സപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി സമരങ്ങളും ഖരാവോ പഠിപ്പുമുടക്ക്, മാര്‍ച്ച്, ധര്‍ണ തുടങ്ങിയവയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത്.

കലാലയങ്ങള്‍ പഠിക്കാനുള്ളതാണ് സമരത്തിനുള്ളതല്ല എന്നാണ് ഹൈക്കോടതി വിഷയം ചൂണ്ടിക്കാണിച്ച് പറഞ്ഞത്. സമരത്തിനോ പഠിപ്പുമുടക്കിനോ ആരെയും പ്രേരിപ്പിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രതികരിക്കാനുള്ള അവകാശം ഭരണഘടന തന്നെ തരുന്നതാണെന്നും കോടതി പ്രത്യേക ലക്ഷ്യം വെച്ചാണെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. പി സാനു ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

കലാലയ രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് 1996ലും കേരള ഹൈക്കോടതി കൊണ്ടുവന്നിരുന്നു. അതിന്റെ ഏറ്റവും പുതിയ രൂപത്തിലുള്ള ഒരു വിധിയാണ് സമരങ്ങള്‍ നിരോധിച്ചു കൊണ്ട് ഒരു വിധിയുണ്ടാവുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭരണഘടനാപരമായി വിദ്യാഭ്യാസം അവരുടെ അവകാശമാണ് അതുകൊണ്ടാണ് സമരങ്ങള്‍ നിരോധിക്കുന്നതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികരിക്കാനും സംഘടിക്കാനും പ്രതിഷേധിക്കുവാനുമുള്ള സ്വാതന്ത്ര്യം വളരെ കൃത്യമായി ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്.

വി. പി സാനു

ഇന്ത്യയില്‍ ആരു ഭരിക്കണം എന്ന് തീരുമാനിക്കാന്‍ കഴിയുന്ന, വോട്ടവകാശമുള്ള പൗരന്മാരാണ് കലാലയങ്ങളില്‍ പഠിക്കുന്നത്. അവര്‍ക്ക് പ്രതിഷേധിക്കുവാനും സംഘടിക്കുവാനും കോടതി അനുമതി വേണം എന്നു പറയുന്നതു തന്നെ ഭരണഘടനാവിരുദ്ധമാണ്,’ വി.പി സാനു പറഞ്ഞു.

മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന രീതിയില്‍ കലാലയ സമരങ്ങള്‍ വേണ്ടെന്നും സമാധാനപരമായ ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കോ ക്യാമ്പസുകളെ വേദിയാക്കാമെന്നും കോടതി പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ റാന്നിയിലെ രണ്ടു സ്‌കൂളുകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. സ്‌കൂളുകള്‍ക്കും കലാലയങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തില്‍ കലാലയങ്ങളെ നിശബ്ദമാക്കാന്‍ കഴിയില്ലെന്നും വി. പി സാനു പറഞ്ഞു.

‘വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രവര്‍ത്തനമാരംഭിച്ചത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയല്ല. അതു കൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം നേരിട്ടാല്‍ രാജ്യത്ത് ഏറ്റവും അപകടകരമായ നിയമങ്ങളുണ്ടായാല്‍ വിദ്യാര്‍ത്ഥികള്‍ അതിനെതിരായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യും. അത് കോടതിയുടെ വിലക്കുകള്‍ ലംഘിച്ചു കൊണ്ടാണെങ്കില്‍ അങ്ങനെതന്നെ സംഘടിക്കും,’ സാനു പറഞ്ഞു.

രാജ്യത്തെ പ്രധാന സമരങ്ങളുടെയെല്ലാം മുന്‍പന്തിയില്‍ വിദ്യാര്‍ത്ഥികളാണ് അണി നിരക്കുന്നതെന്നും സാനു വ്യക്തമാക്കി.

‘രാജ്യത്ത് നിലവില്‍ സിഎഎയ്‌ക്കെതിരെ ശക്തമായ പ്രതിഷേധസമരങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ സമരങ്ങളുടെയെല്ലാം മുന്‍പന്തിയില്‍ വിദ്യാര്‍ത്ഥികളാണ്. ജാമിഅ മില്ലിയ ആയാലും അലിഗഡ് സര്‍വകലാശാലയായാലും ജെഎന്‍യുവായാലും പോണ്ടിച്ചേരിയായാലും കലാലയങ്ങള്‍ പ്രതിഷേധിക്കുകയാണ്.

കേരളത്തിലെ സര്‍വകലാശാലകള്‍, ക്യാംപസുകള്‍, കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെയാണ് പൗരത്വ നിയമത്തിനെതിരെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ പരാജയപ്പെടുത്തുന്ന തരത്തിലുള്ള നീക്കമാണ് കോടതിയുടെ ഭാഗത്തുനിന്ന ഉണ്ടായിട്ടുള്ളത്.

ഇത് ഗുണം ചെയ്യുന്നത് ആര്‍ക്കാണ് എന്ന കാര്യം പരിശോധിച്ച് പോകണം. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സ്വാതന്ത്ര്യം നല്‍കാത്ത ഒരു ഇടത്തില്‍ നിന്നാണ് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നത് എന്നതും നമ്മള്‍ കാണണം,’ വി. പി സാനു പറഞ്ഞു.

സമരങ്ങള്‍ മൂലം കലാലയങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നും ഹൈക്കോടതി പറഞ്ഞു. കലാലയങ്ങള്‍ പഠിക്കാനുള്ളതാണ് സമരം ചെയ്യാനുള്ളതല്ല എന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ സമീപ കാലത്തായി എത്ര പഠിപ്പു മുടക്കി സമരങ്ങള്‍ നടന്നിട്ടുണ്ടെന്ന് വി. പി സാനു ചോദിച്ചു. സമരങ്ങളും പ്രതിഷേധങ്ങളും വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോളജുകള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് വിദ്യാര്‍ഥികളുടെ പഠനത്തിനാണെന്നും അതുകൊണ്ടു തന്നെ കോളജുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ എന്തു സമരങ്ങള്‍ ഉണ്ടായാലും മാനേജ്‌മെന്റുകള്‍ക്ക് പോലിസിനെ വിളിച്ച് സമാധാന അന്തരീക്ഷം ഉറപ്പു വരുത്താവുന്നതാണെന്നും കോടതി വിധിയില്‍ പറയുന്നു. ഉത്തരവ് കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും ഒരുപോലെ ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കെ.എം അഭിജിത്

സ്‌കൂളുകളില്‍ വിദ്യാര്‍ഥി സമരങ്ങളോ മറ്റ് പ്രതിഷേധങ്ങളോ ഉണ്ടായാല്‍ സ്‌കൂള്‍ അധികാരികള്‍ക്കോ ഡിഇഒ മാര്‍ക്കോ ഉചിതമായ നടപടി സ്വീകരിക്കാവുന്നതാണ്. സമ്മര്‍ദ്ദം ചെലുത്തി താല്‍പര്യമില്ലാത്ത വിദ്യാര്‍ഥികളെ സമരങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ അലയടിക്കുന്ന കാലമാണിതെന്നും സമരങ്ങള്‍ പാടില്ലാ എന്ന് പറയുന്ന വിധിയെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

‘രാജ്യത്ത് വലിയ രീതിയിലുള്ള ഭരണഘടനാ സംരക്ഷണ സമരങ്ങള്‍ നടക്കുന്ന സമയമാണിത്. രാജ്യത്തിനകത്തും പുറത്തും ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധ സമരങ്ങള്‍ നടന്നുവെങ്കിലും ഇന്ന് രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത് ക്യാംപസുകളിലാണ്. ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നിന്നുമാരംഭിച്ച പ്രതിഷേധ സമരത്തിന്റെ സ്വരമാണ് ഇന്ന് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ അലയടിക്കുന്നത്. രാജ്യത്ത് എല്ലാകാലത്തെയും ചരിത്രം പരിശോധിച്ചാല്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയത് ക്യാംപസുകളാണ്. അത്തരമൊരു സാഹചര്യത്തില്‍ ക്യാംപസുകള്‍ക്കകത്ത് പഠിപ്പുമുടക്കു സമരങ്ങള്‍, ധര്‍ണ തുടങ്ങിയ സമരങ്ങളാത് പ്രതിഷേധത്തിന്റെ ശബ്ദമുയര്‍ത്തിയത്. കേരളത്തിന്റെ സര്‍ക്കാര്‍ ഹൈക്കോടതിയുടെ ഉത്തരവ് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. കെ.എസ്.യു ഇത് സംബന്ധിച്ച് നിയമപരമായും സംഘടനാപരമായുമുള്ള നടപടികളിലേക്കു നീങ്ങും.

രാജ്യത്തെ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളോട് സ്വാതന്ത്ര്യ സമരകാലത്ത് ക്ലാസുകള്‍ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ടത് മഹാത്മാ ഗാന്ധിയാണ്. അത്രമേല്‍ സഹന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുന്‍കാല നേതാക്കള്‍ നമ്മളോട് ഓര്‍മിപ്പിച്ചുവെങ്കില്‍ ക്യാംപസുകള്‍ അത്രയും ബോധത്തോടെയും ബോധ്യത്തോടെയുമാണ് വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത്. അങ്ങനെയൊരു പ്രതിഷേധങ്ങളുടെ ഭാഗമായുള്ള സമരങ്ങള്‍ പാടില്ലാ എന്ന് പറയുന്ന വിധിയെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സ്വരത്തെ അടിച്ചമര്‍ത്താനുള്ള നടപടികളെ കെ.എസ്.യു ഒരിക്കലും അംഗീകിരിക്കില്ല,’ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് പറഞ്ഞു.

കലാലയ രാഷ്ട്രീയം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ നീതിപീഠം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ സംഘടനാ പ്രവര്‍ത്തനം ഇതുവരെയും ക്യാംപസുകള്‍ക്കകത്തു നിന്ന് ഇല്ലാതായിട്ടില്ല. അതേ സമയം കലാലയ രാഷ്ട്രീയം മൂലം ക്ലാസുകള്‍ തടസ്സപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ഈ നടപടി അംഗീകരിക്കാനാവില്ലെന്നാണ് വിവിധ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നും ഉയരുന്ന പ്രതികരണങ്ങള്‍.

WATCH THIS VIDEO:

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more