കൊച്ചി: കോളേജില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് അനുമതിയുള്ളിടത്തോളം കാലം അക്രമാസക്ത സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന് എറണാകുളം ലോ കോളേജ് പ്രിന്‍സിപ്പല്‍ ആര്‍ ബിജുകുമാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വിദ്യാര്‍ത്ഥി സമരത്തിന്റെ പേരിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്യാമ്പസ് രാഷ്ട്രീയം സര്‍ക്കാര്‍ നിരോധിക്കണമെന്നും പ്രിന്‍സിപ്പല്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെയും സമരത്തെയും തുടര്‍ന്ന് പഠനം മുടങ്ങുന്നതിനെതിരെ ലോ കോളേജ് വിദ്യാര്‍ത്ഥി എന്‍ പ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് പ്രിന്‍സിപ്പല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
കോളേജില്‍ നിരന്തരമായി പഠിപ്പ് മുടക്ക് സമരം നടത്തിയിട്ടും പ്രശ്നം പരിഹരിക്കാതെ പ്രിന്‍സിപ്പല്‍ കാഴ്ച്ചക്കാരനായി നില്‍ക്കുകയാണെന്ന് കാട്ടിയായിരുന്നു പ്രകാശ് കോടതിയെ സമീപിച്ചത്. ക്ലാസ് നടത്തുന്നതിന് പൊലീസ് സഹായം ആവശ്യമാണെന്നും വിദ്യാര്‍ത്ഥിയുടെ ഹര്‍ജിയില്‍ പറയുന്നു.
ഇതില്‍ വിശദീകരണം നല്‍കവേയാണ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞത്. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് അനുമതിയുള്ളിടത്തോളംകാലം അക്രമാസക്ത സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും ഇതില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും പ്രിന്‍സിപ്പലിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥി യൂണിയനുകളെയും സര്‍ക്കാരിനെയും കക്ഷിച്ചേര്‍ക്കാത്ത പരാതിക്കാരന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും പ്രിന്‍സിപ്പല്‍ കോടതിയില്‍ പറഞ്ഞു.