ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധനത്തെ തുടര്‍ന്ന് നിയമത്തെ മാനിച്ച് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തുന്നുവെന്ന് ക്യാമ്പസ് ഫ്രണ്ട്. നിരോധന നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരുമാണെന്ന് ക്യാമ്പസ് ഫ്രണ്ട് പ്രസ്താവനയില്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തിവെക്കുന്നുവെന്നും ക്യാമ്പസ് ഫ്രണ്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ടിനോട് ബന്ധപ്പെടുത്തി ക്യാമ്പസ് ഫ്രണ്ടിനെതിരെ പടച്ച് വിടുന്ന കെട്ടിച്ചമച്ച, അടിസ്ഥാന രഹിതമായ മുഴുവന്‍ ആരോപണങ്ങളെയും നിഷേധിക്കുന്നു. സംഘടനക്ക് മേലെ ഉന്നയിക്കുന്ന എല്ലാ വ്യാജ ആരോപണങ്ങളെയും നിയമപരമായി തന്നെ നേരിടുമെന്നും ക്യാമ്പസ് ഫ്രണ്ട് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തെക്കാണ് പി.എഫ്.ഐക്കും അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. ക്യാമ്പസ് ഫ്രണ്ടിനെ കൂടാതെ, എന്‍.സി.എച്ച്.ആര്‍.ഒ, വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ക്കും നിരോധനമുണ്ട്.
ക്യാമ്പസ് ഫ്രണ്ടിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:
ക്യാമ്പസ് ഫ്രണ്ട് നിരോധനം ജനാധിപത്യ – ഭരണഘടനാ വിരുദ്ധം; നടപടിയെ നിയമപരമായി നേരിടും. നിയമത്തെ മാനിച്ച് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തുന്നു.
ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരുമാണ്. കഴിഞ്ഞ ഒരു ദശകത്തിലധികമായി മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥി – യുവജനങ്ങളെ വാര്‍ത്തെടുക്കാന്‍ പ്രവര്‍ത്തിച്ച് വരുന്ന സംഘടനയാണ് ക്യാമ്പസ് ഫ്രണ്ട്.
ആ ലക്ഷ്യം ഒരു പരിധിവരെ പൂര്‍ത്തിയാക്കുവാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ നിരവധി യുവജനങ്ങള്‍ ഈ സംഘടനയുടെ ഭാഗവും വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരുമാണ്.
നമ്മുടെ ജനാധിപത്യ ഭരണഘടനാ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും നിയമവിരുദ്ധമായ പ്രവൃത്തനങ്ങളെ ഒരുതരത്തിലും അംഗീകരിക്കാതെ മുന്നോട്ട് പോവുകയും ചെയ്യുന്ന സംഘടനയാണ് ക്യാമ്പസ് ഫ്രണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് ക്യാമ്പസ് ഫ്രണ്ട് അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തരമയി നിര്‍ത്തിവക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിനോട് ബന്ധപ്പെടുത്തി ക്യാമ്പസ് ഫ്രണ്ടിനെതിരെ പടച്ച് വിടുന്ന കെട്ടിച്ചമച്ച, അടിസ്ഥാനരഹിതമായ മുഴുവന്‍ ആരോപണങ്ങളെയും നിഷേധിക്കുന്നു. സംഘടനക്ക് മേലെ ഉന്നയിക്കുന്ന എല്ലാ വ്യാജ ആരോപണങ്ങളെയും നിയമപരമായി തന്നെ നേരിടും.
ക്യാമ്പസ് ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളോടും സംഘടനയുടെ പേരില്‍ യാതൊരുവിധ പരിപാടികളും നടത്തരുതെന്ന് അഭ്യര്‍ഥിക്കുന്നു.
പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍, സംഘടനയുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഉത്തരവാദിയായിരിക്കുന്നതല്ലെന്നും, സംഘടനയുടെ പേരോ, ബാനറോ ഉപയോഗിച്ച് ആരെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ സമൂഹ മാധ്യമങ്ങളില്‍ പ്രസ്താവന ഇറക്കുകയോ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്താല്‍ ക്യാമ്പസ് ഫ്രണ്ടിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിക്കുന്നു.
Content Highlight: Campus Front’s Statement about the Ban of the Organisation