കൊച്ചി: അഭിമന്യുവധവുമായി ബന്ധപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ അറസ്റ്റില്‍. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനാണിയാളെന്നാണ് പൊലീസ് പറയുന്നത്.
തലശേരി സ്വദേശിയായ മുഹമ്മദ് റിഫ നിയമവിദ്യാര്‍ഥിയാണ്. അഭിമന്യുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിലും അക്രമം നടത്തിയ സംഭവത്തിലും പ്രധാന പ്രതിയാണ് റിഫ. അഭിമന്യുവിനെ വധിക്കുന്നതിനായി എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലയാളി സംഘത്തെ കോളജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് റിഫയാണ്.
മുഹമ്മദ് റിഫയുടെ അറസ്റ്റോടെ ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന ഘടകത്തിലേക്ക് പൊലീസ് അന്വേഷണം നീങ്ങിയിരിക്കുകയാണ്. മഹാരാജാസിലെ അക്രമത്തിനു രണ്ടുദിവസം മുമ്പ് ക്യാമ്പസ് ഫ്രണ്ടിന്റെ യോഗം ചേര്‍ന്നിരുന്നു. മഹാരാജാസില്‍ എസ്.എഫ്.ഐയെ നേരിടണമെന്ന് യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ചുവരെഴുത്ത് നേരിടണമെന്ന് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മുഹമ്മദ് റിഫയ്ക്ക് ക്യാമ്പസ് ഫ്രണ്ട് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെന്നും ഇതിനു പിന്നാലെയാണ് മുഹമ്മദ് റിഫയുടെ നേതൃത്വത്തിലുള്ള സംഘം മഹാരാജാസിലെത്തുകയും അഭിമന്യുവിനെ കൊലപ്പെടുത്തുകയും അര്‍ജുനിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
അഭിമന്യു വധത്തില്‍ റിഫയുടെ പങ്ക് തെളിഞ്ഞതോടെ കോളജില്‍ നിന്നും റിഫയെ സസ്‌പെന്റ് ചെയ്തിരുന്നു.
കേസില്‍ അഭിമന്യുവിനെ കുത്തിയ വ്യക്തിയാണ് ഇനി പിടിയിലാവാനുള്ള പ്രധാന പ്രതി. അതാരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ട്.