ലണ്ടന്‍: ബ്രിട്ടനില്‍ തൊഴില്‍ ദാതാക്കള്‍ ഇനി മുതല്‍ തൊഴിലാളികളുടെ മുമ്പുണ്ടായിരുന്ന ശമ്പളത്തെക്കുറിച്ച് ചോദിക്കരുതെന്ന ആവശ്യം ശക്തമാവുന്നു.
നിയമന സമയത്ത് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ലിംഗവിവേചനത്തിനും ഒരേ ജോലിയ്ക്ക് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതനം ലഭിക്കുന്നതിനും കാരണമാകുന്നു എന്നാണ് ഉയര്‍ന്ന് വരുന്ന പരാതി.
ദ ഫൊവ്‌സെറ്റ് സൊസൈറ്റി എന്ന സംഘടന ഇതിനെതിരെ ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്.
2200 തൊഴിലാളികളില്‍ ഇത് സംബന്ധിച്ച സര്‍വേ നടത്തിയിട്ടുണ്ട്. ഇതില്‍ 47 ശതമാനം പേരും, തങ്ങള്‍ പുതിയ ജോലിസ്ഥലത്ത് എത്തിയപ്പോള്‍ പഴയ ശമ്പളത്തെക്കുറിച്ച് ചോദിച്ചിരുന്നു എന്നാണ് അഭിപ്രായപ്പെട്ടത്.
അതേസമയം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് കാരണം നിയമന സമയത്ത് തങ്ങള്‍ക്ക് ശമ്പളം സംബന്ധിച്ച് ചര്‍ച്ച നടത്താനോ കൂടിയാലോചിക്കാനോ സാധിക്കുന്നില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനം സ്ത്രീകളും പറഞ്ഞു.
നിയമന സമയത്ത് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ശമ്പള കാര്യത്തില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനം 2050 ആയാലും അവസാനിക്കില്ലെന്ന് ദ ഫൊവ്‌സെറ്റ് സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് ജെമിമ ഒല്‍ചൊവ്‌സ്‌കി ബി.ബി.സിയോട് പ്രതികരിച്ചു.
കഴിവുറ്റ തൊഴിലാളികളോട് അവരുടെ ശമ്പള ചരിത്രത്തെക്കുറിച്ച് തൊഴില്‍ ദാതാക്കള്‍ ചോദിക്കരുത് എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും ഒല്‍ചൊവ്‌സ്‌കി കൂട്ടിച്ചേര്‍ത്തു.
”സ്ത്രീകള്‍ മാത്രമല്ല, വെളുത്ത വര്‍ഗക്കാരല്ലാത്തവരും ശാരീരിക പരിമിതികളുള്ളവരും ശമ്പളക്കാര്യത്തില്‍ നേരിടുന്ന വിവേചനത്തിന് അറുതി വരുത്തുന്നതിന് ഈ കാര്യം ഉപകരിക്കും,” അവര്‍ പറഞ്ഞു.
സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനം പേരും കഴിവിനും ജോലിയുടെ ഉത്തരവാദിത്തത്തിനും അനുസരിച്ച് കൂലി ലഭിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ചെറിയൊരു ശതമാനം മാത്രമാണ് മുന്‍ ജോലിയുടെ ശമ്പളത്തിനനുസരിച്ച കൂലി ലഭിക്കണമെന്ന് അഭിപ്രായപ്പെട്ടത്.