കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശേരി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനറായിരുന്ന ഗിരീഷ് മൊടക്കല്ലൂര്‍.
പ്രചാരണത്തില്‍ ധര്‍മ്മജന് താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് ഗിരീഷ് തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാനായി കെ.പി.സി.സി നിയോഗിച്ച കെ. മോഹന്‍കുമാര്‍ സമിതിയോട് പറഞ്ഞത്. സമിതി അംഗങ്ങള്‍ കോഴിക്കോടെത്തിയപ്പോഴായിരുന്നു ഗിരീഷിന്റെ വെളിപ്പെടുത്തല്‍.
പ്രചാരണ സമയത്ത് രാവിലെ പത്തരയ്ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥിയായ ധര്‍മ്മജന്‍ എത്തിയിരുന്നത്. വൈകുന്നേരം ആറുമണിയാകുമ്പോള്‍ ഏങ്ങോട്ടോ പോകും. ആദ്യ ഘട്ട പ്രചാരണം സുഗമമായിരുന്നു.
എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയായിരുന്നു. പ്രചാരണ കമ്മറ്റിക്ക് 80,000 രൂപ മാത്രമാണ് പിരിവായി ലഭിച്ചത്. വന്‍തുക കിട്ടിയെന്ന പ്രചരണം ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു.
പ്രധാന നേതാക്കള്‍ പ്രചാരണത്തിന് എത്താത്തത് തിരിച്ചടിയായെന്ന ആരോപണം തെറ്റാണെന്നും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ളവര്‍ പ്രചാരണത്തിനെത്തിയെന്നും നേതാക്കള്‍ സമിതിയെ അറിയിച്ചു.
ബാലുശ്ശേരിയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി നിര്‍ജീവമായതാണ് തോല്‍വിയ്ക്ക് കാരണമെന്ന് ധര്‍മ്മജന്‍ നേരത്തെ ആരോപിച്ചിരുന്നു. രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തുവെന്നും ധര്‍മ്മജന്‍ പറഞ്ഞിരുന്നു.
തന്നെ തോല്‍പ്പിക്കാന്‍ ഈ രണ്ട് നേതാക്കള്‍ ശ്രമിച്ചെന്നും ധര്‍മ്മജന്‍ ആരോപിച്ചിരുന്നു. എ.ഐ.സി.സി, കെ.പി.സി.സി ഫണ്ടുകളും താന്‍ നല്‍കിയ പണവും മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാക്കിയതെന്നും ധര്‍മ്മജന്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്തിന് പുറത്തായതിനാല്‍ ചര്‍ച്ചയ്ക്കായി മോഹന്‍ കുമാര്‍ സമിതിയ്ക്ക് മുമ്പാകെ ധര്‍മ്മജന്‍ എത്തിയിരുന്നില്ല. സമിതി അംഗങ്ങളെ പിന്നീട് തിരുവനന്തപുരത്ത് വെച്ച് കാണുമെന്ന് ധര്‍മ്മജന്‍ അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Campaign Committe Leader Aganist dharmajan bolgatty