| Tuesday, 21st May 2019, 11:09 pm

മദ്യവും മയക്കുമരുന്നും സ്വര്‍ണവും; ഈ തെരഞ്ഞെടുപ്പിനിടെ പിടിച്ചത് മൂവായിരം കോടിയോളം രൂപയുടെ വസ്തുക്കള്‍; മുന്നില്‍ തമിഴ്‌നാട്; ഇതാ കണക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരു റെക്കോഡിനു കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മദ്യവും മയക്കുമരുന്നും വിലപിടിപ്പുള്ള വസ്തുക്കളുമായി വിജിലന്‍സ് ഈ തെരഞ്ഞെടുപ്പിനിടെ പിടിച്ചെടുത്തത് മൂവായിരം കോടിയോളം രൂപ മൂല്യം വരുന്ന സാധനങ്ങളാണ്. ഈ തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാരിന് ഔദ്യോഗികമായി ചെലവായതിന്റെ 90 ശതമാനമാണിതെന്നതാണു ശ്രദ്ധേയം.

ഇന്നലെ വരെയുള്ള കണക്കുകളാണിത്. മയക്കുമരുന്ന്, മദ്യം, സ്വര്‍ണം, വെള്ളി, മറ്റു വസ്തുക്കള്‍ എന്നിവയില്‍ 34,56,22,00,000 കോടി രൂപയുടെ കണ്ടുകെട്ടലുകളാണ് വിജിലന്‍സ് നടത്തിയത്. സംസ്ഥാനാടിസ്ഥാനത്തില്‍ ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തമിഴ്‌നാടാണ്. 951 കോടിയോളം രൂപയുടെ വസ്തുക്കളാണ് അവിടെനിന്നും കണ്ടെത്തിയത്. രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്.

മാത്രമല്ല, പണമുപയോഗിച്ചുള്ള ഇടപെടല്‍ നടത്തിയതിന്റെ പേരില്‍ ഒരു ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതും ചരിത്രമാണ്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പാണ് ഏപ്രില്‍ 16-നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്. ഒരു ഡി.എം.കെ പ്രവര്‍ത്തകന്റെ പക്കല്‍ നിന്നും 10.48 കോടി രൂപയുടെ നോട്ട് ആദായനികുതി വകുപ്പ് പിടിച്ചെടുത്തതിനെത്തുടര്‍ന്നായിരുന്നു ഇത്.

മാര്‍ച്ച് 26 മുതല്‍ മെയ് 20 വരെ പണമായി മാത്രം പിടിച്ചെടുത്തത് 841.11 കോടി രൂപയാണ്. ഈ കണക്ക് എത്രത്തോളം വലുതാണെന്നു മനസ്സിലാകുന്നത് 2014-ലെ കണക്കുകള്‍ പറയുമ്പോഴാണ്. അന്നത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെ പിടിച്ചെടുത്ത പണം 299.943 കോടി രൂപയാണ്. അതിനേക്കാള്‍ 180 ശതമാനമാണ് ഇത്തവണ പിടിച്ചിരിക്കുന്നത്.

മയക്കുമരുന്നിന്റെ കാര്യത്തില്‍ 2014-നേക്കാള്‍ 354.78 ശതമാനം അധികമാണ് ഇത്തവണ കണ്ടെത്തല്‍. 77,631.65 കിലോഗ്രാം മയക്കുമരുന്നാണ് ഇത്തവണ ഇതുവരെ കണ്ടെത്തിയത്.

കണ്ടുകെട്ടല്‍ സംസ്ഥാനത്തിന്റെയും തുകയുടെയും അടിസ്ഥാനത്തില്‍

തമിഴ്‌നാട്- 9,519,800,000
ഗുജറാത്ത്- 5,527,800,000
ദല്‍ഹി- 4,261,000,000
പഞ്ചാബ്- 2,850,200,000
ആന്ധ്രാപ്രദേശ്- 2,289,200,000
ഉത്തര്‍പ്രദേശ്- 1,937, 900,000
മഹാരാഷ്ട്ര- 1,670,700,000
ബംഗാള്‍- 1,156,400,400
മധ്യപ്രദേശ്- 977,100,000
കര്‍ണാടക- 882,800,000

We use cookies to give you the best possible experience. Learn more