ബംഗാളില്‍ പ്രചരണം വെട്ടിച്ചുരുക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മോദിക്കുള്ള സമ്മാനമെന്ന് മമത; ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണ സമയം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കമ്മീഷന്റെ സുതാര്യതയില്‍ സംശയമുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കയ്യിലെ പാവയായി പ്രവര്‍ത്തിക്കുകയാണ് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
ബംഗാളില്‍ കാമ്പയിന്‍ വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി മോദിയ്ക്കുള്ള സമ്മാനമാണെന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.
ഇത് അത്ഭുതപൂര്‍ണമായ, അസാന്മാര്‍ഗികമായ ഒരു നടപടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കും അമിത് ഷായ്ക്കും അനുകൂലമായി എടുത്ത ഒരു നടപടിയാണ് ഇത്.
ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്‍പൊരിക്കലും കണ്ടിട്ടില്ല. ആര്‍.എസ്.എസുകാരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത്. തീരുമാനമെടുക്കുന്നതും അവരാണ്. 324 പ്രഖ്യാപിക്കേണ്ട രീതിയില്‍ ഉള്ള ഒരു ക്രമസമാധാന പ്രശ്‌നവും ബംഗാളില്‍ ഇല്ല. പിന്നെ എന്തിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഇത്. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം- മമത ബാനര്‍ജി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ അസാധാരണ നടപടിയുമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിക്കുറക്കുകയായിരുന്നു. നാളെ രാത്രി 10 മണിക്ക് ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കും.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഏഴാംഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍, സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
ഞായറാഴ്ചയാണ് രാജ്യത്ത് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് അസാധാരണ നടപടി പ്രഖ്യാപിച്ചത്.
അതേസമയം, വ്യാപക സംഘര്‍ഷങ്ങള്‍ക്കിടെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംഘര്‍ഷം മൂര്‍ഛിച്ചതിനിടെയാണ് പ്രധാനമന്ത്രി ബംഗാളില്‍ എത്തിയത്.
കഴിഞ്ഞദിവസം അമിത് ഷായുടെ റാലിക്കിടെ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ട ക്യാംപസ് മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദര്‍ശിച്ചിരുന്നു. പുറത്ത് നിന്നുള്ളവരെ എത്തിച്ച് ബി.ജെ.പി അക്രമം അഴിച്ചുവിടുകയാണെന്ന് മമത ആരോപിച്ചിരുന്നു.