| Thursday, 25th November 2021, 9:56 am

ഫലസ്തീന്‍കാരെ കൊല്ലാനുള്ള ഇസ്രഈലി ആഹ്വാനത്തിന് നേരെ ചെറുവിരലുയര്‍ത്താന്‍ പോലും മെറ്റ ധൈര്യപ്പെടുന്നില്ല; 'ഫേസ്ബുക്ക് സെന്‍സര്‍ ജെറുസലേം' ക്യാംപെയിന്‍ ശക്തിപ്പെടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫേസ്ബുക്കും മാതൃകമ്പനിയായ മെറ്റയും ഫലസ്തീന്‍ കണ്ടന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തുന്നതായി ആരോപണം. ഇതിന് പിന്നാലെ ‘ഫേസ്ബുക്ക് സെന്‍സര്‍ ജെറുസലേം’ എന്ന പേരില്‍ ഫലസ്തീന്‍ ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ക്യാംപെയിന്‍ ആരംഭിച്ചു.

ഫലസ്തീന്‍ പൗരന്മാരുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംഘടനയായ ‘സദ സോഷ്യല്‍’ ആണ് ബുധനാഴ്ച പത്രക്കുറിപ്പിലൂടെ ഇക്കാര്യം പുരത്തുവിട്ടത്.

ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടേയും ആക്ടിവിസ്റ്റുകളുടേയും അക്കൗണ്ടുകള്‍ മെറ്റ ബ്ലോക്ക് ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നു എന്ന് വ്യാപകമായി ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ക്യാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ വിലക്കുകള്‍ നേരിടുന്ന ഫലസ്തീന്‍ പൗരന്മാരെ സഹായിക്കുക, ഫലസ്തീന്‍, ഇസ്രഈല്‍ അക്കൗണ്ടുകള്‍ക്ക് മേലുള്ള മെറ്റയുടെ ‘ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് പോളിസി’യെ ചോദ്യം ചെയ്യുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളാണ് ക്യാംപെയിനുള്ളത്.

”ഫലസ്തീനികളെ അടിച്ചമര്‍ത്താനും കൊല്ലാനും ഇസ്രഈലികള്‍ അഹ്വാനം ചെയ്യുന്നതിന് നേരെ മെറ്റ ഒരു ചെറുവിരല്‍ പോലും ഉയര്‍ത്തുന്നില്ല. എന്നാല്‍ നിസാരമായ കാരണങ്ങള്‍ പറഞ്ഞ് ഫലസ്തീന്‍കാര്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്,” ക്യാംപെയിനിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

ഇസ്രഈല്‍ ക്രൂരതയുടെ അനുഭവങ്ങളെക്കുറിച്ച് ഫലസ്തീനികള്‍ പറയുന്ന പോസ്റ്റുകളാണ് സെന്‍സര്‍ ചെയ്യപ്പെടുന്നത്. ഹമാസ്, രക്തസാക്ഷി എന്നീ വാക്കുകള്‍ വരുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടുകയാണ്.

ഇസ്രഈലി സൈനികന്‍ ഫലസ്തീന്‍ പൗരനെ കൊല്ലുന്നതിന്റെ വീഡിയോയും ഫേസ്ബുക്ക് നിരോധിച്ചിരുന്നു.

മെയ് മാസം മുതലാണ് മെറ്റയ്‌ക്കൈതിരെ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. ഇസ്രഈല്‍ അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീന്‍ മുസ്‌ലിങ്ങളുടെ അല്‍-അസ്ഖ പള്ളി പിടിച്ചെടുക്കാന്‍ ഇസ്രഈലി സൈന്യം ശ്രമങ്ങള്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് ഇസ്രഈലിലെ ഫലസ്തീന്‍ ഭൂരിഭാഗ പ്രദേശങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് ഫലസ്തീന്‍ അക്കൗണ്ടുകള്‍ക്ക് മേല്‍ സെന്‍സറിംഗ് കൊണ്ടുവന്നത് എന്നാണ് ആക്ഷേപം.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഫേസ്ബുക്ക് വിദ്വേഷ പ്രചരണങ്ങള്‍ തടഞ്ഞില്ലെന്നും അക്രമങ്ങള്‍ക്ക് കാരണമായ പോസ്റ്റുകള്‍ക്ക് നേരെ നടപടിയെടുക്കാതിരുന്നെന്നും വ്യാപകമായി പരാതികള്‍ ഉയരുന്ന സാഹചര്യം കൂടിയാണിത്. ഫേസ്ബുക്കിലെ മുന്‍ ഉദ്യോഗസ്ഥരില്‍ പലരും തെളിവ് സഹിതം കമ്പനിയുടെ നയങ്ങള്‍ക്കെതിരെ രംഗത്ത് വരികയാണ്.

കൃത്യമായ പോളിസി നടപ്പിലാക്കാതെ ലാഭം മാത്രം നോക്കിയാണ് മെറ്റ പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രധാന ആരോപണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Campaign against Meta’s censorship of Palestinian posts

We use cookies to give you the best possible experience. Learn more