മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാനുള്ള ക്ലബ്ബിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍.
ചിരവൈരികളായ റയല്‍ മാഡ്രിഡ് താരമായ റൊണാള്‍ഡോയെ ടീമിലെടുക്കരുതെന്ന ആവശ്യവുമായി ആരാധകര്‍ ഇതിനായി ഒരു സോഷ്യല്‍മീഡിയ ക്യാമ്പെയ്ന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.
ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള ആഗ്രഹമുള്ളതിനാല്‍ തന്നെ ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ ടീമിനോട് ഇക്കാര്യം വ്യക്തമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതുമുതല്‍ റൊണോയെ സ്വന്തമാക്കാന്‍ സാധ്യതയുള്ള ക്ലബ്ബുകളില്‍ ഒന്നായി അത്‌ലറ്റിക്കോ മാഡ്രിഡിനെ വിലയിരുത്തിയിരുന്നു.
സ്‌പെയിനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം അത്‌ലറ്റികോ മാഡ്രിഡ് റൊണാള്‍ഡോയെ സ്വന്തമാക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ട്. ഇതിന് വേണ്ടി ബാഴ്‌സയില്‍ നിന്നും ലോണിലെത്തിയ അന്റോണിയോ ഗ്രീസ്മാനെ ഒഴിവാക്കാനും സാധ്യതയുണ്ട്.
ഇതിനെതിരെയാണ് അത്‌ലറ്റിക്കോ ആരാധകര്‍ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. ഇതിനായി സോഷ്യല്‍ മീഡിയയില്‍ ഒരു ഹാഷ്ടാഗ് ക്യാമ്പെയ്ന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.
#ContraCR7 എന്ന ക്യാമ്പെയ്‌നാണ് സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരിക്കുന്നത്. സ്‌പെയ്‌നില്‍ ട്രെന്റിങ്ങായി നില്‍ക്കുന്ന ഹാഷ്ടാഗും ഇതുതന്നെയാണ്.
ലൂയിസ് സുവാരസ് ടീം വിട്ടതോടെ ഒരു മികച്ച സ്‌ട്രൈക്കറെ തേടുന്ന അത്‌ലറ്റിക്കൊ മാഡ്രിഡിന്റെ പരിശീലകനായ ഡീഗോ സിമിയോണിക്ക് റൊണാള്‍ഡോയില്‍ താല്‍പര്യമുണ്ടെങ്കിലും സാമ്പത്തികസ്ഥിതി അതിന് അനുവദിച്ചേക്കില്ല. റൊണാള്‍ഡോയെ സ്വന്തമാക്കുന്നതിന് പകരം അര്‍ജന്റീനിയന്‍ ഫുള്‍ ബാക്കായ മോളിനക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ ശക്തമാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
റൊണാള്‍ഡോയെ സ്വന്തമാക്കാനുള്ള നീക്കത്തില്‍ നിന്നും അത്‌ലറ്റിക്കൊ മാഡ്രിഡും പിന്മാറിയാല്‍ സമ്മറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാമെന്ന പോര്‍ച്ചുഗല്‍ താരത്തിന്റെ മോഹങ്ങള്‍ ഏറെക്കുറെ അവസാനിച്ചേക്കും. ചാമ്പ്യന്‍സ് ലീഗ് യോഗ്യതയുള്ള മറ്റ് ക്ലബ്ബുകളൊന്നും റൊണാള്‍ഡോയെ സ്വന്തമാക്കുന്ന കാര്യം നിലവില്‍ പരിഗണിക്കുന്നില്ലെന്നതാണ് ഇതിന് കാരണം.
അതേസമയം റൊണാള്‍ഡോയെ വില്‍ക്കാനില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. അടുത്ത സീസണിലെ തന്റെ പദ്ധതികളില്‍ താരമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
Content Highlights: campaign against Cristiano Ronaldo by Athletico Madrid Fans