മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചരണം; അഖിൽ മാരാർക്കെതിരെ കേസ്
keralanews
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചരണം; അഖിൽ മാരാർക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2024, 9:00 am

വയനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചരണം നടത്തിയ നടനും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസ്. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കില്ലെന്നായിരുന്നു അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. കൊച്ചി ഇൻഫോപാർക്ക് പൊലീസ് ആണ് കേസ് എടുത്തത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച അധികാരം മുഖ്യമന്ത്രിക്കാണെന്നും, പിണറായി വിജയൻ ദുരന്തങ്ങളിൽ കേരളത്തെ രക്ഷിച്ച ജനനായകനല്ലെന്നും മാരാർ ആരോപിച്ചു. മുഖ്യമന്ത്രി ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ട വ്യക്തിയാണെന്നും മാരാർ പറഞ്ഞു.

അതോടൊപ്പം താൻ വയനാട്ടിലെ ജനങ്ങൾക്ക് നേരിട്ടും അല്ലാതെയും സഹായമെത്തിക്കുമെന്നും എങ്ങനെ സഹായിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു. സിനിമ നടന്മാരും മറ്റ് സെലിബ്രറ്റികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിനെയും മാരാർ പരിഹസിച്ചു.

അഖിൽ മാരാരെ കൂടാതെ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചരണം നടത്തിയ സംഘപരിവാർ പ്രവർത്തകനും ബി.ജെ.പി മീഡിയ വിഭാഗം മുൻ കോ- കൺവീനറുമായ ശ്രീജിത്ത് പന്തളത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി പണം നൽകരുതെന്ന് സോഷ്യൽ മീഡിയ വഴി ശ്രീജിത്ത് പന്തളം പ്രചരിപ്പിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലൂടെ വലിയ അഴിമതി നടക്കുന്നുവെന്നായിരുന്നു ശ്രീജിത്ത് പന്തളം പ്രചരിപ്പിച്ചത്.

‘ദുരിത ബാധിതരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ നേരിട്ട് സഹായം കൈമാറുകയോ സേവാഭാരതി ഉൾപ്പടെയുള്ള സംഘടനകളെ പണം ഏൽപ്പിക്കുകയോ ചെയ്യണം. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുത് വ്യാപക അഴിമതിയാണിവിടെ നടക്കുന്നത്,’ ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചു.

അതോടൊപ്പം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യർത്ഥനക്കെതിരെ പ്രചരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആറുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ 194 പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം സിറ്റിയിൽ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ട് വീതവും കൊല്ലം സിറ്റി, എറണാകുളം റൂറൽ, തൃശൂർ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ ഒന്ന് വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങൾ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പൊലീസിന്റെ പട്രോളിങ് ശക്തമാക്കി. ഇത്തരത്തിൽ പോസ്റ്റുകൾ നിർമിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

 

Content Highlight: Campaign against Chief Minister’s Relief Fund; Police case against Akhil Marar