ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന തമിഴ്‌നാട്ടില്‍ ടി.ടി.വി ദിനകര പക്ഷത്തെ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. മുഖ്യമന്ത്രി എടപ്പാടി പളനസ്വാമിയുടെ രാജി ആവശ്യപ്പെടുന്ന എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെയാണ് സ്പീക്കര്‍ ഡി.ധനപാലന്‍ അയോഗ്യരാക്കിയത്.
വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ വിശദീകരണം നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. എം.എല്‍.എമാരെ തന്റെ ക്യാമ്പുകളിലെത്തിച്ച് മുഖ്യമന്ത്രിക്കും സംഘത്തിനുമെതിരെ നീങ്ങിയ ദിനകരന് ഏറ്റ കനത്ത തിരിച്ചടിയായി മാറിയിരിക്കുകാണ് സ്പീക്കറുടെ നടപടി.
പനീര്‍ശെല്‍വം പക്ഷവും പളനിസ്വാമി വിഭാഗവും ഒന്നായതിനു പിന്നാലെയായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ തന്റെയൊപ്പം ചേര്‍ത്ത് ഭരണം അട്ടിമറിക്കാന്‍ ദിനകരന്‍ ശ്രമിച്ചത്. എം.എല്‍എമാരെ കൊടകിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചായിരുന്നു ഇവരുടെ നീക്കങ്ങള്‍.
സ്പീക്കറുടെ നടപടിക്കെതിരെ ദിനകര വിഭാഗം മദ്രാസ് ഹൈക്കോടതിയ സമീപിക്കാനൊരുങ്ങുകയാണെന്ന് എം.എല്‍.എ വെട്രിവേല്‍ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് പറഞ്ഞു.