ഖത്തർ ലോകകപ്പിൽ അട്ടിമറി ജയങ്ങൾക്ക് വിരാമമില്ല. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കാമറൂൺ ബ്രസീലിനെ തോൽപ്പിച്ചത്. വിൻസെന്റ് അബൂബക്കർ നേടിയ മിന്നും ഗോളിലാണ് കാമറൂൺ ചരിത്ര ജയവുമായി കളം വിട്ടത്.
ബ്രസീൽ നേരത്തെ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചതിനാൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് കോച്ച് ടിറ്റെ ടീമിനെ കളത്തിലിറക്കിയത്.
കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് നിരവധി മാറ്റങ്ങളും ടിറ്റെ ടീമിൽ പരീക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതുപോലെ റിസർവ് ടീമുമായി കളത്തിലിറങ്ങിയ ഫ്രാൻസ് ടുണീഷ്യയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു.
ഫ്രാൻസിന് പറ്റിയ തെറ്റ് തങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പോടെയാണ് ടിറ്റെ ടീമിനെ കളത്തിലിറക്കിയത്. പക്ഷെ അധിക സമയത്തെ അത്ഭുതപ്പെടുത്തുന്ന ഗോളിന് ബ്രസീൽ തോൽക്കുകയും ചെയ്തു.
ഒമ്പത് മാറ്റങ്ങളാണ് ടിറ്റെ ടീമിൽ പരീക്ഷിച്ചത്. അലിസണ് പകരം എഡേഴ്സണനിനെയാണ് ഗോൾ വലക്ക് മുന്നിൽ നിർത്തിയത്. പ്രതിരോധ നിരയിൽ മിലിറ്റാവോയും ബ്രമറും ടെലസുമായിരുന്നു. മിഡ്ഫീൽഡിൽ ഫാബീഞ്ഞോയും ഫ്രെഡും അണിനിരന്നു. റോഡ്രിഗോയും മാർട്ടിനെല്ലിയും ആന്റണിയുമായിരുന്നു മുന്നേറ്റ നിരയിൽ.
ഡാനി ആൽവ്സ് നായകനായെത്തിയ ടീമിൽ ഗബ്രിയേൽ ജീസസിനെയായിരുന്നു സ്ട്രൈക്കറായി നിയോഗിച്ചത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ എത്തിയ ഫ്രെഡും മിലിറ്റാവോയും മാത്രമാണ് കാമറൂണിനെതിരെയുള്ള മത്സരത്തിലുണ്ടായിരുന്നത്.
എന്നാൽ ആദ്യ പകുതിയിൽ യുവതാരത്തിളക്കവുമായെത്തിയ ബ്രസീലിനെ തളച്ചുക്കെട്ടുകയായിരുന്നു കാമറൂൺ. ഇരു ടീമുകളും ആക്രമണവും പ്രതിരോധവുമായി മികച്ച പ്രകടനമായിരുന്നു ആദ്യ പകുതിയിൽ കാഴ്ചവെച്ചത്.
മത്സരം തുടങ്ങി അഞ്ച് മിനിട്ട് പിന്നിട്ടപ്പോൾ തന്നെ ഓരോ മഞ്ഞക്കാർഡുകൾ പിറന്നിരുന്നു. ബ്രസീലിന്റെ എഡർ മിലിറ്റാവോയ്ക്കും കാമറൂണിന്റെ നൗഹു ടോളോയ്ക്കുമാണ് മഞ്ഞക്കാർഡുകൾ കിട്ടിയത്.